വാഷിംഗ്ടണ്‍- ഇസ്രായിലുമായുള്ള സമാധാനത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാധ്യസ്ഥ്യം വേണ്ടെന്ന് പ്രഖ്യാപിച്ച ഫലസ്തീനികള്‍ക്കെതിരായ ശിക്ഷാ നടപടികള്‍ അമേരിക്ക തുടരുന്നു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ വാഷിംഗ്ടണിലെ ഫലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടാന്‍ യു.എസ് വിദേശകാര്യ വകുപ്പ് നിര്‍ദേശം നല്‍കി. ഫലസ്തീന്‍ നയതന്ത്ര കാര്യാലയമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) ഓഫീസാണ് അടച്ചുപൂട്ടിയത്. ഇസ്രായിലുമായി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനാണ് പി.എല്‍.ഒ ഓഫീസ് അനുവദിച്ചതെന്നും എന്നാല്‍ ഇസ്രായിലുമായി അര്‍ഥപൂര്‍ണമായ സംഭാഷണങ്ങള്‍ നടത്താന്‍ ഫലസ്തീന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നൗററ്റ് ആരോപിച്ചു.
ഇസ്രായില്‍ തലസ്ഥാനം തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള ഇസ്രായില്‍ തീരുമാനം അമേരിക്ക അംഗീകരിച്ചതിനെ തുടര്‍ന്നാണ് മേലില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ അമേരിക്കക്ക് അര്‍ഹതയില്ലെന്ന്, അതുവരെ അമേരിക്കയുടെ എല്ലാ നടപടികളേയും പിന്തുണച്ചിരുന്ന ഫലസ്തീന്‍ വ്യക്തമാക്കിയിരുന്നത്. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം മേഖലയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴി തുറന്നത്.
പൂര്‍ണമായി സ്തംഭിച്ച മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയ പുനരാരംഭിക്കുന്നതിന് അമേരിക്ക ആരംഭിച്ച സമ്മര്‍ദത്തിന്റെ ഒടുവിലത്തെ അടവാണ് പി.എല്‍.ഒ ഓഫീസ് അടച്ചുപൂട്ടല്‍.
സഖ്യരാഷ്ട്രവും സുഹൃത്തുമായ ഇസ്രായിലിനോടൊപ്പം അമേരിക്ക എപ്പോഴും നിലകൊള്ളുമെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ഇസ്രായിലുമായി നേരിട്ട് അര്‍ഥപൂര്‍ണമായ സംഭാഷണത്തിന് ഫലസ്തീന്‍ തയാറല്ലെങ്കില്‍ ഓഫീസ് കൊണ്ട് എന്തു കാര്യമെന്ന് അദ്ദേഹം ചോദിച്ചു. ട്രംപ് ഭരണകൂടം ഇനിയൊരിക്കലും ഇത് അനുവദിക്കില്ല. വീണ്ടുവിചാരമില്ലാത്ത നടപടിയെന്നാണ് ഫലസ്തീന്‍ പ്രതിനിധികള്‍ അമേരിക്കയുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്.
നൂറ്റാണ്ടിലെ കരാറിനായുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ്
ട്രംപിന്റെ നീക്കമെന്ന് വാഷിംഗ്ടണിലെ ഫലസ്തീന്‍ പ്രതിനിധി ഹുസാം സൊമോള്‍ട്ട് പറഞ്ഞു. ഇസ്രായില്‍ നല്‍കിയ പട്ടികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന അമേരിക്കക്ക് ഒരിക്കലും സമാധാന ദൗത്യം നിര്‍വഹിക്കാനാവില്ലെന്ന് കൂടുതല്‍ വ്യക്തമായിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, അമേരിക്കക്കും ഇസ്രായിലിനുമെതിരെ വിചാരണ നടപടികളുമായി മുന്നോട്ടു പോകുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ ഉപരോധ നടപടികളും അമേരിക്ക പ്രഖ്യാപിക്കുമെന്നാണ് സൂചന. യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ബോള്‍ട്ടണ്‍ ഇതു സംബന്ധിച്ചും സൂചന നല്‍കി. ഞങ്ങള്‍ക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും പിന്നാലെ കോടതി വന്നാല്‍ അനങ്ങാതിരിക്കുമെന്ന് കരുതേണ്ടെന്ന് ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.






