ഇന്ധനവില വര്‍ധന പിടിച്ചുകെട്ടി! ബിജെപി പറഞ്ഞ 'സത്യം' ട്വിറ്ററില്‍ പൊളിച്ചടുക്കി

ന്യൂദല്‍ഹി- എരിതീയില്‍ എണ്ണയൊഴിച്ച പോലെയാണ് ഇപ്പോ ഇന്ത്യയുടെ പെട്രോള്‍, ഡീസല്‍ വിലയുടെ കാര്യം. പ്രതിപക്ഷപാര്‍ട്ടികളും ബി.ജെ.പിക്കൊപ്പം അധികാരം പങ്കിടുന്നവരുമടക്കം ഇന്ന് രാജ്യത്തൊട്ടാകെ ബന്ദ് നടത്തിയാണ് എണ്ണവില കുതിച്ചയരുന്നതിനെതിരെ പ്രക്ഷോഭം നടത്തിയത്. ബി.ജെ.പിയുടെ നേതൃത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒരിക്കല്‍ കൂടി കരുത്ത് കാട്ടി. സമരം ആളിപ്പടരുമ്പോഴാണ് തിങ്കളാഴ്ച വീണ്ടും ഇന്ധന വില വര്‍ധിച്ചത്. ഒടുവില്‍ രംഗം തണുപ്പിക്കാന്‍ ആ സത്യം ബി.ജെ.പി വിളിച്ചു പറഞ്ഞു. അതായത് പെട്രോള്‍ വില വര്‍ധിക്കുന്നതിനു പിന്നിലെ ആ സത്യം! പാര്‍ട്ടിയുടെ ഔദ്യാഗിക ടിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വസ്തുതാപരമായ ആ 'കണക്ക്' അവതരിപ്പിച്ചത്. ബാക്കി എന്തു സംഭവിച്ചു എന്നറിയണമെങ്കില്‍ കമന്റുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. 2004 മുതല്‍ 2018 വരേയുള്ള ഇന്ധന വില വര്‍ധനയുടെ തോതാണ് ചിക്കിച്ചികഞ്ഞ് ഈ സമയത്ത് ബി.ജെ.പി അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ വിലയുടെ കണക്കെടുത്താല്‍ എല്ലാം മുകളിലോട്ടാണ്. എന്നാല്‍ ബിജെപി താഴോട്ടു പോകുന്ന ഒരു കണക്കിലാണ് കേറിപ്പിടിച്ചിരിക്കുന്നത്. ബിജെപി പോസ്റ്റ് ചെയ്ത ഈ ചിത്രത്തില്‍ ആ കണക്കു കാണാം.

ഒന്നാം യു.പി.എ ഭരണകാലത്ത് 2004-2009 കാലയളവില്‍ 20.5 ശതമാനമാണ് വില വര്‍ധന. 2014 വരെയുള്ള രണ്ടാം യുപിഎ കാലത്ത് 75.8 ശതമാനവും. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വര്‍ധിച്ചത് വെറും 13 ശതമാനം മാത്രം. ഇതാണ് ആ 'സത്യം'. ദല്‍ഹിയില്‍ ലീറ്ററിന് 71.41 രൂപയുണ്ടായിരുന്നിടത്ത് ഇന്ന് 80.73 രൂപയിലെത്തിയത് വലിയ വര്‍ധനയല്ലെന്നാണ് വ്യംഗമായി പറഞ്ഞത്. എന്നാല്‍ ഇതിലെ ലോജിക്ക് ചോദിച്ച ട്വിറ്ററാറ്റികള്‍ ബി.ജെ.പിയെ ശരിക്കും സ്റ്റാറ്റിസ്റ്റിക്‌സ് പഠിപ്പിച്ചു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനത്തിലണ് പെട്രോള്‍ വില കണക്കാക്കുന്നതെന്ന സര്‍ക്കാരിന്റെ മുന്‍ നിലപാടിന്റെ അടിസ്ഥാനത്തില്‍ ക്രൂഡോയിലിന്റെ വിലയിലും പെട്രോളിന്റെ വിലയിലും ഉണ്ടായ വര്‍ധനയുടെ ശതമാനക്കണക്ക് അവതരിപ്പിച്ചാണ് ബി.ജെ.പിയുടെ കണക്ക് പൊളിച്ചടുക്കിയത്.

Latest News