ഭാരത് ബന്ദ്: കേരളം സ്തംഭിച്ചു, രാജ്യ വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം കത്തുന്നു

തിരുവനന്തപുരം/ന്യൂദല്‍ഹി- ദിവസവും ഇന്ധന വില കുത്തനെ ഉയര്‍ത്തുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദ് തുടരുന്നു. കേരളത്തില്‍ യു.ഡി.എഫിനു പുറമെ എല്‍.ഡി.എഫും ഹര്‍ത്താലിനെ പിന്താങ്ങിയതോടെ സംസ്ഥാനം സതംഭിച്ചു. പലയിടത്തും യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നില്ല. ആശുപത്രികൡലേക്കും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും പോകേണ്ടവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങുന്നുണ്ടെങ്കിലും പലയിടത്തും തടയുന്നുണ്ട്. റോഡുകള്‍ ഏറിയ പങ്കും വിജനമാണ്. അങ്ങാടികളും കടകളും അടഞ്ഞു കിടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. പലയിടത്തും തുറന്ന കടകള്‍ ബന്ദ് അനുകൂലികള്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ചു.
Mumbai Bandh
മറ്റു സംസ്ഥാനങ്ങളില്‍ ട്രെയിനടക്കം തടഞ്ഞ് പ്രതിഷേധം നടക്കുന്നുണ്ട്. ദേശീയ പാതകളിലും ഗതാഗത തടസ്സം നേരിടുന്നു. ചിലയിടങ്ങളില്‍ പോലീസ് ബന്ദ് അനുകൂലികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് ഏതാണ്ട് പൂര്‍ണമാണ്. കേരളത്തിനു പുറമെ കര്‍ണാടക, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും സ്തംഭിച്ചു. ബിഹാറില്‍ റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ്പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചും ജോലിക്ക്് ഹാജരാകാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കിയുമാണ് ബന്ദിനെ നേരിടുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ബന്ദിനെ അനുകൂലിക്കുന്നില്ലെന്നാണ് തൃണമൂല്‍ നയം.

ബന്ദിനെ അനൂകൂലിച്ച് തെരുവിലിറങ്ങിയ വിവധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പോലീസ് പിടികൂടി കരുതല്‍ തടങ്കലിലാക്കി. ചെന്നൈയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സിപിഐ സെക്രട്ടറി ആര്‍ മുത്തരശന്‍ എന്നിവരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ ട്രെയ്ന്‍ തടയല്‍ സമരം  നടന്നു. ബന്ദിനെ പിന്തുണയ്ക്കുന്ന എന്‍.സി.പി. മഹാരാഷ്ട്ര നവനിര്‍മാണ് സേന പാര്‍ട്ടീ പ്രവര്‍ത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി. അന്ധേരി റെയില്‍വെ സ്റ്റേഷനില്‍ ്പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അശോക് ചവാന്‍, മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം എന്നിവരെ പോലീസ് പിടികൂടി സ്്‌റ്റേഷനിലേക്ക് കൊണ്ടു പോയി. 

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് രാജ്യവ്യാപകമായി ബന്ദ് നടത്തുന്നത്. ജെ.ഡി.എസ്, എസ്.പി, ഡി.എം.കെ, ആര്‍.ജെ.ഡി, ആം ആദ്മി പാര്‍ട്ടി, ബി.ജെ.ഡി, ശിവ സേന, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, എം.എന്‍,എസ് എന്നീ പാര്‍ട്ടികളാണ് ബന്ദിനെ പിന്തുണയ്ക്കുന്നത്. ഇന്ധന വില വര്‍ധനയും രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതുമാണ് പ്രധാന പ്രചാരണ വിഷയം. അതിനിടെ ബന്ദ് ദിവസവും ഇന്ധന വില ഉയരുകുയം രൂപയുടെ മൂല്യം വീണ്ടു കൂപ്പുകുത്തുകയും ചെയ്തത് സര്‍ക്കാരിന് തിരിച്ചടിയായി.

പ്രതിഷേധം ശക്തമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. മോഡി സര്‍ക്കാര്‍ ചെയ്ത പലകാര്യങ്ങളും രാജ്യതാല്‍പര്യത്തിന് എതിരാണെന്നും ഈ സര്‍ക്കാരിനെ മാറ്റേണ്ട സമയം ഉടനെത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദി നാലു വര്‍ഷത്തിനിടെ ചെയ്തത് കഴിഞ്ഞ 70 വര്‍ഷത്തിനിടെ നടക്കാത്തതാണ്. ഇന്ത്യക്കാര്‍ പരസ്പരം പോരടിക്കുന്ന തലത്തിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. പ്രധാനമന്ത്രിക്ക് ഒരു മറുപടി പറയാന്‍ കഴിയുന്നില്ല-രാഹുല്‍ പറഞ്ഞു.

Latest News