'വധു മുഴുസമയം വാട്‌സാപ്പില്‍, നിക്കാഹിന് ഇരിക്കണമെങ്കില്‍ 65 ലക്ഷം വേണം'; യുപിയില്‍ യുവാവിന്റെ നാടകം

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ വിചിത്ര കാരണം ചൂണ്ടിക്കാട്ടി നിക്കാഹില്‍ നിന്ന് അവസാന നിമിഷം വരന്‍ പിന്മാറിയത് രക്ഷിതാക്കളേയും ബന്ധുക്കളേയും നാണം കെടുത്തി. പ്രതിശ്രുത വധു ഏറിയ സമയവും വാട്‌സാപ്പിലാണെന്ന് ആരോപിച്ച യുവാവ് ഈ നിക്കാഹിന് പന്തലില്‍ എത്തണമെങ്കില്‍ 65 ലക്ഷം രൂപ വേണമെന്ന് തീര്‍ത്തു പറയുകയായിരുന്നു. വധുവിന്റെ വീട്ടില്‍ നടക്കാനിരുന്ന നിക്കാഹ് കര്‍മത്തിന് സമയമായിട്ടും വരന്‍ ഖമര്‍ ഹൈദര്‍ എത്താതിരുന്നത് അന്വേഷിച്ചപ്പോഴാണ് യുവാവിന്റെ കാലുമാറ്റം അറിയുന്നത്. വധുവിന്റെ വീട്ടുകാരും ബന്ധുക്കളും വരനെ സ്വീകരിക്കാന്‍ വൈകുന്നേരം വരെ കാത്തിരുന്നു. ഒടുവില്‍ വധുവിന്റെ പിതാവ് തന്റെ സഹോദരനെ വിവരമറിയാന്‍ വരന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അപ്പോഴാണ് ഖമറിന്റെ വില പേശല്‍. സെപ്തംബര്‍ അഞ്ചിനാണ് സംഭവം.

'എന്റെ മകള്‍ ശരിയല്ലെന്നും മുഴുസമയം വാട്‌സാപ്പിലാണെന്നും ആരോപിച്ച് അവര്‍ നിക്കാഹിന് വിസമ്മതിക്കുകയായിരുന്നു. ഏറെ നേരം കേണപേക്ഷിച്ചപ്പോള്‍ ഒടുവില്‍ നിക്കാഹിന് അവര്‍ സമ്മതിച്ചു. എന്നാല്‍ ഇതിന് സ്ത്രീധനമായി 65 ലക്ഷം രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്,' വധുവിന്റെ പിതാവ് ഉറൂജ് മെഹന്ദി പറഞ്ഞു. നിക്കാഹ് മുടങ്ങിയതോടെ മെഹന്ദി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. 

സെപ്തംബര്‍ മൂന്നിന് യുപിയിലെ ബറേലിയില്‍ ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ യുവാവ് 20കാരിയായ നവവധുവിനെ കൊലപ്പെടുത്തിയിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തിയത്.
 

Latest News