Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതു തമാശയോ? ജാര്‍ഖണ്ഡ് മുന്‍ മന്ത്രിയെ വാട്‌സാപ്പില്‍ വിചാരണ നടത്തിയ കീഴ്‌ക്കോടതിയോട് സുപ്രീം കോടതി

ന്യൂദല്‍ഹി- നിരവധി കേസുകളില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന ജാര്‍ഖണ്ട് മുന്‍മന്ത്രിയെ വാട്‌സാപ്പില്‍ വിചാരണ നടത്തിയ കീഴ്‌ക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യയില്‍ ഒരു കോടതിയില്‍ ഇത്തരത്തിലുള്ള തമാശ എങ്ങനെ അനുവദിക്കപ്പെടുന്നുവെന്ന് സുപ്രീം കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. മുന്‍ മന്ത്രി യോഗേന്ദ്ര സാവോ, ഭാര്യയും എം.എല്‍.എയുമായ നിര്‍മല ദേവി എന്നിവര്‍ക്കെതിരെ 2016ല്‍ രജിസ്റ്റര്‍ ചെയ്ത കലാപക്കേസിലെ വിചാരണയാണ് പരമോന്നത കോടതിയുടെ വിര്‍ശനത്തിനിടയാക്കിയത്. കേസില്‍ ഇരുവര്‍ക്കും കഴിഞ്ഞ വര്‍ഷം കര്‍ശന ഉപാധിയോടെ സുപ്രീം കോടതി കഴിഞ്ഞ ഡിസംബറില്‍ ജാമ്യം അനുവദിച്ചിരുന്നു. മധ്യപ്രദേശിലെ ഭോപാല്‍ വിട്ടു പോകരുതെന്നും കോടതിയില്‍ ഹാജരാകാന്‍ മാത്രമെ ജാര്‍ഖണ്ഡില്‍ പോകാവൂ എന്നുമായിരുന്നു ഉപാധി.

ഏപ്രില്‍ 19ന് ഹസാരിബാഗ് വിചാരണ കോടതി വാട്‌സാപ്പ് കോളിലൂടെ വിചാരണ നടത്തി തങ്ങള്‍ക്കെതിരായ കുറ്റം ചുമത്തിയിരുന്നുവെന്ന് ഇവര്‍ അറിയിച്ചതാണ് സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. വാട്‌സാപ്പിലൂടെയുള്ള വിചാരണയെ തങ്ങള്‍ എതിര്‍ത്തെങ്കിലും കീഴ്‌ക്കോടതി അതുമായി മുന്നോട്ടു പോകുകയായിരുന്നെന്നും യോഗേന്ദ്രയും ഭാര്യ നിര്‍മലയും സുപ്രീം കോടതിയില്‍ പറഞ്ഞു.

ഇതറിഞ്ഞ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എല്‍.എന്‍ റാവു എന്നിവര്‍ വിഷയം ഗൗരവത്തിലെടുത്തു. 'ജാര്‍ഖണ്ഡില്‍ എന്താണ് സംഭവിക്കുന്നത്. ഈ നടപടി അനുവദിക്കാനാവില്ല. നീതി നിര്‍വഹണം അപകീര്‍ത്തിപ്പെടുത്താനും അനുവദിക്കില്ല,' ബെഞ്ച് പറഞ്ഞു. വാട്‌സാപ്പിലൂടെ വിചാരണ നടത്തുക എന്നാല്‍ എന്താണ്? ഏതു തരത്തിലുള്ള വിചാരണയാണിത്? ഇതെന്താ തമാശയാണോ? ജാര്‍ഖണ്ഡിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു.

കേസ് ഹസാരിബാഗില്‍ നിന്ന് ദല്‍ഹിയിലേക്കു മാറ്റണമെന്നാവശ്യപ്പെടുന്ന പ്രതികളായ മുന്‍മന്ത്രിയുടേയും ഭാര്യയുടേയും ഹര്‍ജിയില്‍ സുപ്രീം കോടതി ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ മറുപടിയും തേടി. രണ്ടാഴ്ച്ചക്കകം മറുപടി നല്‍ണമെന്നാണ് ഉത്തരവ്. ഭോപാലിനു പുറത്തു പോകരുതെന്ന ജാമ്യ വ്യവസ്ഥ യോഗേന്ദ്ര സാവോ ലംഘിക്കുന്നുണ്ടെന്നും അദ്ദേഹം മിക്ക സമയത്തും പുറത്തായതിനാല്‍ ഈ കേസിലെ കോടതി നടപടികള്‍ക്ക് കാലതാമസം നേരിടുന്നുണ്ടെന്നും ജാര്‍ഖണ്ഡ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ പരിഗണിക്കില്ലെന്നും ഇതിനായി മറ്റൊരു ഹര്‍ജി നല്‍കണമെന്നും കോടതി മറുപടി നല്‍കി.

ഭോപാലില്‍ നിന്നു പുറത്തു പോകരുതെന്ന ജാമ്യ വ്യവസ്ഥയുള്ളതിനാലാണ് ഭോപാല്‍ ജില്ലാ കോടതിയില്‍ നിന്ന് ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലാ കോടതിയിലെ വിചാരണയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇരു കോടതികള്‍ക്കുമിടയിലെ വീഡിയോ കോണ്‍ഫറന്‍സിങ് കണക്ടിവിറ്റി ഏറിയ സമയവും മന്ദഗതിയിലായതോടെയാണ് ജഡ്ജി വാട്‌സാപ്പ് കോളിലൂടെ ഉത്തരവിറക്കിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വിവേക് ടങ്ക കോടതിയെ അറിയിച്ചു. ജാര്‍ഖണ്ഡിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ ഭൂമി ഏറ്റെടുക്കലിനെതിരെ 2016ല്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് 21 കേസുകള്‍ യോഗേന്ദ്രയ്ക്കും ഒമ്പതു കേസുകള്‍ ഭാര്യ നിര്‍മലയ്ക്കുമെതിരെ നിവലിലുള്ളത്. ഗ്രാമീണരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

Latest News