Sorry, you need to enable JavaScript to visit this website.

ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും -മന്ത്രി എം.എം. മണി 

പത്തനംതിട്ട- വെള്ളം  തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് ഡാം  സുരക്ഷാ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ  അന്വേഷിക്കുമെന്ന്  മന്ത്രി  എം.എം  മണി പറഞ്ഞു. അണക്കെട്ടുകളിലെ അധികജലം മാത്രമാണ് തുറന്ന് വിട്ടത്. അണക്കെട്ടുകൾ തുറന്ന് വിട്ടതു കൊണ്ട് ആരും  മരിച്ചില്ലെന്നും  അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നൂറ്റാണ്ടിലൊരിക്കൽ ആണ് വലിയ പ്രളയം വരുന്നത്. അതിൽ കുറെയാളുകൾ മരിക്കും. എങ്കിലും  ജീവിതയാത്ര തുടരും. പ്രളയം മനുഷ്യനിർമിതമല്ലെന്നും എം.എം മണി പറഞ്ഞു.
ഇപ്പോൾ  സംസ്ഥാനത്ത്  വൈദ്യുതി നിയന്ത്രണം ഉണ്ട്. വെള്ളമില്ലാത്തതിനാൽ അല്ല  നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർ  ഹൗസുകൾ പലതും തകരാറിലാണ്. വൈദ്യുതി പുറത്ത് നിന്നും വാങ്ങേണ്ട  സ്ഥിതി വരും. അതിനാൽ ചില  നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും മന്ത്രി  പറഞ്ഞു.
മാസപൂജയ്ക്കായി ശബരിമല ക്ഷേത്രം 16ന് തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലെ താൽക്കാലിക വൈദ്യുത വിതരണ സംവിധാനങ്ങൾ ഈ മാസം 12ന് മുമ്പ് പൂർണ സജ്ജമാകുമെന്ന്  മന്ത്രി മണി പറഞ്ഞു. പമ്പയിലെ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 
സന്നിധാനത്തെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ അത്യാവശ്യ സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.  മറ്റുള്ള സ്ഥലങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. എല്ലാ പ്രവർത്തനങ്ങളും 12ന് മുമ്പ് പൂർത്തിയാകും.  പമ്പയുടെ ഗതി മാറിയിട്ടുള്ള സാഹചര്യത്തിൽ നേരത്തേ ഉണ്ടായിരുന്ന വൈദ്യുതി വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കേണ്ടതുണ്ട്. താൽക്കാലികമായി വൈദ്യുതി വിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പമ്പാ മണൽപ്പുറത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് നീക്കുന്നതിനുള്ള പ്രവൃത്തികൾ ടാറ്റാ കമ്പനിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ സ്ഥിരമായി വൈദ്യുതി വിതരണ സംവിധാനം പുനഃസ്ഥാപിക്കാൻ കഴിയും. പ്രളയത്തിനു മുമ്പുള്ള പമ്പാ തീരമല്ല ഇപ്പോഴുള്ളത്. എല്ലാത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതനുസരിച്ച് ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 
സംസ്ഥാനത്തെ ഒൻപത് ജലവൈദ്യുത പദ്ധതികൾക്ക് പ്രളയത്തിൽ തകരാർ സംഭവിച്ചിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം സ്വകാര്യ വൈദ്യുത പദ്ധതികളാണ്. ചില പവർ ഹൗസുകളിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളതു മൂലം ഉത്പാദനം നിലച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മണ്ണ് നീക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. ജില്ലയിൽ വന പ്രദേശങ്ങളിൽ വൻതോതിൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട മുതൽ കുമളി വരെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകളാണ് ഇത്രയധികം നാശനഷ്ടങ്ങൾക്ക് കാരണമായത്. ഉരുൾപൊട്ടലുകളെക്കുറിച്ച് കെ.എസ്.ഇ.ബി നേരിട്ടോ ഏജൻസി വഴിയോ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. 
രാജു എബ്രഹാം എം.എൽ.എ, കെ.എസ്.ഇ.ബി ഡയറക്ടർ  വേണുഗോപാൽ, വിതരണ വിഭാഗം ചീഫ് എൻജിനീയർ മോഹനനാഥപണിക്കർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 

Latest News