സൗദിയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഭീതിയില്‍

ജിദ്ദ- സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷംവരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയും ശിക്ഷ വിധിക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഭീതിയില്‍.
പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളും അംഗങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. പുതിയ സാഹചര്യത്തില്‍ ചില ഗ്രൂപ്പുകള്‍ അപ്രത്യക്ഷമായി.
ആശങ്കയകലാത്ത അഡ്മിനുകള്‍ ഗ്രൂപ്പിലെ പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതിന് വാട്‌സ്ആപ്പില്‍ ലഭ്യമായ ബിസിനസ് ഗ്രൂപ്പിലേക്ക് മാറി പോസ്റ്റ് അഡ്മിനുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.   
പൊതുസമാധാനത്തെ ബാധിക്കുന്ന പരിഹാസവും ആക്ഷേപഹാസ്യവും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. രാജ്യ സുരക്ഷയേയും പൊതുസമാധാനത്തേയും ബാധിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴിയോ മറ്റേതെങ്കിലും സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പ്രചരിപ്പിക്കുന്നത് സൈബര്‍ കുറ്റകൃത്യമാകും. രാജ്യസുരക്ഷയും ഭീകരതയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്കാണ് സൈബര്‍ നിയമം പരമാവധി ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.
ഭീകര സംഘനകളുടെയോ തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയോ വെബ്‌സൈറ്റുകള്‍ അബദ്ധത്തില്‍ സന്ദര്‍ശിച്ചാലും സൈബര്‍ കുറ്റകൃത്യമാകുമെന്നും ജാഗ്രത വേണമെന്നും നിയവിദഗ്ധന്‍ യൂസുഫ് അല്‍ അര്‍ഫാജ് ഓര്‍മിപ്പിക്കുന്നു. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതും അവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതും സൈബര്‍ക്രൈംസ് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് പരിഹാസവും കുത്തുവാക്കും ആക്ഷേപഹാസ്യവും പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ ബാധിക്കുമെന്ന കാര്യം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ശ്രദ്ധിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest News