ആദ്യം അവരോടൊപ്പം കല്ലെറിഞ്ഞു; പിന്നെ അറസ്റ്റ് ചെയ്തു

ശ്രീനഗര്‍- കശ്മീരില്‍ സൈനികര്‍ക്കും പോലീസുകാര്‍ക്കും നേരെ കല്ലെറിയുന്നവരെ പിടികൂടുന്നതിന് പോലീസുകാര്‍ പ്രതിഷേധക്കാരായി വേഷം മാറിയെത്തി. എട്ടുവര്‍ഷം മുമ്പ് പോലീസ് പയറ്റിയ തന്ത്രമാണ് വെള്ളിയാഴ്ച വീണ്ടും പുറത്തെടുത്തത്. ഇതിനു ഫലമുണ്ടായതായി ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ശ്രീനഗറിലെ ജുമാ മസ്ജിദിനു സമീപം തടിച്ചുകൂടിയ നൂറിലേറെ പ്രതിഷേധക്കാരില്‍നിന്ന് നാല് കല്ലേറുകാരെ പോലീസ്് പിടികൂടി.
ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ജനക്കൂട്ട പോലീസിനും സി.ആര്‍.പി.എഫിനുമെതിരെ കല്ലേറ് ആരംഭിച്ചു. കല്ലേറ് നടത്തിയതിന് ഇതിനു മുമ്പ് രണ്ട് തവണ പിടിയിലായ രണ്ട് പേരാണ് പ്രകടനത്തിനു നേതൃത്വം നല്‍കിയിരുന്നതെന്ന് പോലീസ് പറയുന്നു. പ്രതിഷേധക്കാരായി പ്രകടനത്തില്‍ പങ്കെടുത്ത നാല് പേരെ പോലീസ് പിടികൂടി സമീപത്ത് കാത്തുനിന്നിരുന്ന പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.


അറസ്റ്റിലായ ഒരാളില്‍നിന്ന് കളിത്തോക്ക് പിടിച്ചതായി പോലീസ് പറഞ്ഞു. അറസ്റ്റിനിടെ ജനക്കൂട്ടത്തെ ഭയപ്പെടുത്താന്‍ പോലീസ് കളിത്തോക്ക് ഉപയോഗിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും പ്രതിഷേധക്കാരില്‍നിന്ന് പിടിച്ചതാണെന്ന് പോലീസ് പിന്നീട് വിശദീകരിച്ചു.
നാല് പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചുവെന്ന് മാത്രമല്ല, എന്താണ് സംഭവിച്ചതെന്നറിയാതെ പ്രകടനം വേഗം അവസാനിച്ചതായും പോലീസ് പറയുന്നു. 2010 ല്‍ കല്ലെറിയുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും നിരവധി പോലീസുകാര്‍ പ്രകടനക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയതായി വാര്‍ത്തയുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് ഇസ്രായില്‍ പ്രതിരോധ സേന ഇതേ തന്ത്രം നടപ്പിലാക്കി.  ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി  ഇസ്രായില്‍ സൈനികര്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുന്ന വിഡിയോ വൈറലായിരുന്നു.

 

Latest News