ബി.ജെ.പിയുടെ കാവിവല്‍ക്കരണ സ്വപ്‌നം തമിഴ്‌നാട്ടില്‍ അനുവദിക്കില്ലെന്ന് ഡി.എം.കെ

ചെന്നൈ- നാലു വര്‍ഷമായി ബി.ജെ.പി രാജ്യത്ത് നടക്കിക്കൊണ്ടിരിക്കുന്നത് തെരഞ്ഞെടുപ്പു ഏകാധിപത്യ ഭരണമാണെന്നും തമിഴ്‌നാട്ടില്‍ ഇവരുടെ കാവിവല്‍ക്കരണ സ്വപ്‌നം അനുവദിക്കില്ലെന്നും ഡി.എം.കെ. ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങളെ തമിഴ്‌നാട്ടില്‍ നിലംതൊടാന്‍ അനുവദിക്കില്ലെന്നും ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ എന്തു വില നല്‍കാനും തയാറാണെന്നും പാര്‍ട്ടി വ്യക്തമാക്കി. കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനു വെല്ലുവിളിയാണെന്നും ഡി.എം.കെ പ്രമേയം പറയുന്നു. 

പാര്‍ട്ടി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം എ.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബി.ജെ.പിക്കെതിരായ ഡി.എം.കെ പ്രമേയം. നോട്ടു നിരോധനം, റഫാല്‍ ഇടപാടിലെ അഴിമതി, നീറ്റ് പരീക്ഷാ പ്രശ്‌നങ്ങല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ബിജെപിയുടെ കാവിവല്‍ക്കരണ സ്വപ്‌നം തള്ളിക്കളയുമെന്ന തലക്കെട്ടിലുള്ള പ്രമേയത്തില്‍ ബിജെപി സര്‍ക്കാര്‍ തമിഴ്‌നാടിന്റെ താല്‍പര്യങ്ങളെ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. ബഹുസ്വരതയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ബി.ജെപി ചെയ്യുന്നത്. ബി.ജെ.പിയെ എതിര്‍ക്കുന്നവരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ദേശവിരുദ്ധരായി മുദ്രകുത്തുന്നു.  ബി.ജെ.പിയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും വരുതിയില്‍ നിര്‍ത്തുന്നു. പലയിടത്തും ദളിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Latest News