പ്രളയം തിരിച്ചടിയായി; വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം- പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആറു പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ വൈദ്യുതി ഉല്‍പാദനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വകുപ്പു മന്ത്രി എം.എം മണി മുന്നറിയിപ്പു നല്‍കി. ആറു നിലയങ്ങള്‍ നിലച്ചതോടെ 350 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. ഇതിനു പുറമെ കേന്ദ്ര പൂൡനിന്നുള്ള വൈദ്യുതി വിഹിതത്തിലും കുറവുണ്ടായത് കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായി. സംസ്ഥാനത്ത് ഇപ്പോള്‍ മൊത്തം 750 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതു സാധ്യമായില്ലെങ്കില്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 9.30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. പലയിടത്തും മുന്നറിയിപ്പില്ലാതെ ചുരുങ്ങിയ സമയം വൈദ്യുതി വിതരണം നിലച്ചിരുന്നു.

പ്രളയത്തെ തുടര്‍ന്ന തകരാറിലായ ആറ് പവര്‍ ഹൗസുകളില്‍ അറ്റക്കുറ്റപ്പണി നടത്തിയാലെ പൂര്‍വസ്ഥിതിയാക്കാനാകൂ. ശക്തമായ വെള്ളമൊഴുക്കിനെ തുടര്‍ന്ന് പാറകളും മണ്ണും വന്നടിഞ്ഞാണ് പവര്‍ സ്റ്റേഷനുകള്‍ തകരാറിലായത്. പന്നിയാറിലെ രണ്ടു പവര്‍ ഹൗസുകളും മാട്ടുപ്പെട്ടി, കുത്തുങ്കല്‍, ഇരുട്ടുകാനം, പെരിങ്കല്‍ക്കുത്ത് പവര്‍ സ്റ്റേഷനുകളിലെ ജനറേറ്ററുകളാണ് തകരാറിലായത്. ലോവര്‍ പെരിയാര്‍ നിലയത്തില്‍ അറ്റക്കുറ്റപ്പണി പോലും ദുഷ്‌കരമായ സ്ഥിതിയിലാണ്.
 

Latest News