ബി.ജെ.പി ഭരണം തുടരും-അമിത് ഷാ

ന്യൂദൽഹി- അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് ബി.ജെ.പി. പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിൽ ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെയാണ് ഇക്കാര്യം പറഞ്ഞത. സർക്കാറിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടികളാണെന്നും ഇതൊന്നും ജനം സ്വീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, പാർട്ടിയെ അടുത്ത തെരഞ്ഞെടുപ്പിലും നയിക്കുന്നത് അമിത് ഷാ തന്നെയായിരിക്കണമെന്ന് ദേശീയ എക്‌സിക്യൂട്ടിവ് തീരുമാനിച്ചു. അടുത്ത വർഷം ജനുവരിയിൽ അമിത് ഷായുടെ നിലവിലുള്ള കാലാവധി കഴിയും. എന്നാൽ പ്രസിഡന്റ് പദവിയിൽ അമിത് ഷാ തുടരും. പാർട്ടിയുടെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭാരവാഹികളാണ് രണ്ടുദിവസത്തെ ദേശീയ എക്‌സിക്യൂട്ടിവിൽ പങ്കെടുക്കുന്നത്. അജയ് ബി.ജെ.പി (അജയ്യമായ ബി.ജെ.പി) എന്ന മുദ്രാവാക്യമാണ് പാർട്ടി തെരഞ്ഞെടുത്തിരിക്കുന്നത്. നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിന് വേണ്ടി മുന്നിട്ടിറങ്ങാനും അമിത് ഷാ ആഹ്വാനം ചെയ്തു. തെലങ്കാന തെരഞ്ഞെടുപ്പിന് കൂടുതൽ പ്രാധാന്യം നൽകാനും ഷാ ആവശ്യപ്പെട്ടു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ പ്രസംഗിക്കും.
 

Latest News