ഫണ്ടിന് സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ക്ക് കാര്‍ മോടി കൂട്ടണം; വിവാദമായി സര്‍ക്കാര്‍ പരസ്യം

തിരുവനന്തപുരം- പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനും കേരളം പുനര്‍നിര്‍മ്മിക്കാനും ആവശ്യമായ വന്‍ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പണം സ്വരൂപിക്കാന്‍ ലഭ്യമായ എല്ലാ വഴികളും തേടുന്ന സര്‍ക്കാര്‍ വര്‍ഷം തോറും നടന്നുവരുന്ന മുഖമുദ്രാ പരിപാടികള്‍ പോലും വേണ്ടെന്നു വച്ചും മറ്റും ചെലവ് ചുരുക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമയമാണ്. ഇതിനിടെയാണ് വിവാദമായി ഒരു സര്‍ക്കാര്‍ പരസ്യം. തന്റെ പഴയ ഇന്നോവ കാര്‍ ലക്ഷങ്ങള്‍ മുടക്കി മോടി പിടിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിച്ചുകൊണ്ടുള്ള സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ പി.എസ് ശ്രീകല നല്‍കിയ പരസ്യം പത്രത്തില്‍ അച്ചടിച്ചു വന്നതോടെ പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. ആറു വര്‍ഷം പഴക്കമുള്ള കാര്‍ ലക്ഷങ്ങള്‍ മുടക്കി മോടികൂട്ടാനാണു ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. കാല്‍പ്പേജ് പരസ്യത്തിനു മാത്രം 40,000 രൂപയോളം ചെലവുണ്ട്. 

സര്‍ക്കാര്‍ ചട്ടമനുസരിച്ച് ഒരു കാര്‍ പരമാവധി ഒമ്പതു വര്‍ഷമാണ് ഉപയോഗിക്കുക. സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ കാര്‍ ഇനി മൂന്ന് വര്‍ഷം കൂടിമാത്രമെ സര്‍ക്കാര്‍ ഉപയോഗത്തിലുണ്ടാകൂ. ഇതിനിടെയാണ് ലക്ഷങ്ങള്‍ മുടക്കി ആഢംബര സൗകര്യങ്ങളൊരുക്കി മോടി കൂട്ടാന്‍ സാക്ഷരതാ മിഷന്‍ ഒരുങ്ങുന്നത്. നവീകരിക്കുന്ന കാറില്‍ പുതുതായി വെക്കാന്‍ പോകുന്ന സംവിധാനങ്ങളുടേയും സൗകര്യങ്ങലുടേയും നീണ്ട പട്ടിക തന്നെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നു. അലോയ് വീല്‍, സുപ്രീം കോടതി വാഹനങ്ങളില്‍ വിലക്കിയ സണ്‍ ഫിലിം, മാറ്റ്, വിന്‍ഡോ ഗാര്‍ണിഷ്, വിഡിയോ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് കാമറ, ഡോര്‍ ഹാന്‍ഡ്ല്‍ ക്രോം, മാര്‍ബിള്‍ ബീഡ്‌സ്, സീറ്റ്, നേവിഗേഷന്‍ സൗകര്യമുള്ള ആന്‍ഡ്രോയ്ഡ് സ്റ്റീരിയോ തുടങ്ങി 20 ഇനങ്ങളുടെ പട്ടികയാണ് നല്‍കിയിരിക്കുന്നത്.

No automatic alt text available.

Latest News