Sorry, you need to enable JavaScript to visit this website.

കേരള കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം

തൃശൂര്‍- കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിലാണുണ്ടായത്. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെന്‍ട്രല്‍ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനില്‍ക്കാനാണ് ആഗ്രഹം, അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.
ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തില്‍ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.
എട്ടാം ക്ലാസുമുതല്‍ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തില്‍ . നൂറിലേറെ വിദ്യാര്‍ഥിനികള്‍ പത്തിലേറെ കളരികളില്‍ ചുവടുറയ്ക്കുന്നു.
അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാല്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ തടസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാല്‍ മാത്രം തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് ഇവര്‍ കരുതുന്നത്.
വിദഗ്ധരടങ്ങുന്ന കമ്മിറ്റി കരിക്കുലം തീരുമാനിക്കും. മാറാന്‍ മടിയുള്ള ചില സാമ്പ്രദായിക ചിട്ടക്കാരൊഴികെയുള്ളവര്‍ ആണ്‍ പ്രവേശത്തെ സ്വാഗതം ചെയ്യുമെന്നാണ് കലാമണ്ഡലത്തിന്റെ പ്രതീക്ഷ.

Latest News