കര്‍ഷക സമരത്തിനെത്തിയ യോഗേന്ദ്ര യാദവിനെ തമിഴ്‌നാട് പോലീസ് കസറ്റഡിയിലെടുത്തു

ചെന്നൈ- തമിഴ്‌നാട്ടില്‍ പതിനായിരം കോടി രൂപയുടെ സേലം-ചെന്നൈ എക്‌സപ്രസ് വെ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ പോകുന്നതിനിടെ പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും രാഷ്ട്രീയ നേതാവുമായ യോഗേന്ദ്ര യാദവിനെ തിരുവണ്ണാമലൈയില്‍ പോലീസ് തടഞ്ഞു കസ്റ്റഡിയിലെടുത്തു. ചെന്‍ഗം പോലീസ് സ്റ്റേഷനിലാണ് തന്നെയും സംഘത്തേയും തടഞ്ഞുവച്ചതെന്ന് യാദവ് അറിയിച്ചു. കൃഷിഭൂമി ഏറ്റെടുത്ത് നിര്‍മ്മിക്കുന്ന എട്ടുവരി പാതയ്‌ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ ക്ഷണപ്രകാരമാണ് ഇവിടെ എത്തിയതെന്നും എന്നാല്‍ അവിടെ എത്തുന്നതിനു മുമ്പ് പോലീസ് തടയുകയുമായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. പോലീസ് തങ്ങളെ കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ തട്ടിയെുടക്കുകയും ബലപ്രയോഗത്തിലൂടെ വാനിലേക്ക് വലിച്ചു കയറ്റിയെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്പ്രസ് ഹൈവേക്കു വേണ്ടി പേലീസ് സന്നാഹത്തെ ഉപയോഗിച്ച് കര്‍ഷകരില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുന്നുവെന്ന പരാതിയെ കുറിച്ച് ജില്ലാ കലക്ടറുമായി സംസാരിച്ചതിനു തൊട്ടു പിറകെയാണ് തന്നെ അറസ്റ്റ് ചെയ്തതതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. പരിപാടിക്ക് യോഗേന്ദ്ര യാദവ് അ്‌നുമതി തേടിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കര്‍ഷകരെ അവരുടെ വീട്ടില്‍ ചെന്നു മാത്രമെ കാണൂവെന്നു പറഞ്ഞെങ്കിലും തന്റെ സാന്നിധ്യം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞ് എസ്.പി അനുമതി നിഷേധിച്ചുവെന്നും യാദവ് ആരോപിച്ചു.

നേരത്തെ അരവിന്ദ് കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടി രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച യാദവ് പാര്‍ട്ടി വിട്ട് 2015ല്‍ സ്വരാജ് ഇന്ത്യ എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജയ്കിസാന്‍ ആന്ദോളന്‍ എന്ന പേരില്‍ കര്‍ഷകരുടെ അവകാശ സംരക്ഷണ പ്രചാരണത്തിനു യാദവ് തുടക്കം കുറിച്ചിരുന്നു.  

Latest News