ഇഡി കസ്റ്റഡിയിലിരിക്കെ വീണ്ടും  ഉത്തരവിറക്കി കെജരിവാള്‍ 

ന്യൂദല്‍ഹി-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയില്‍ തുടരവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പുറപ്പെടുവിച്ച ആദ്യ ഉത്തരവിനെ ചുറ്റിപറ്റി വിവാദങ്ങള്‍ കടുക്കുന്നതിനിടയില്‍ വീണ്ടും അദ്ദേഹം സമാനമായ ഉത്തരവ് പുറത്തി. ആരോഗ്യവകുപ്പിനാണ് ഇ.ഡി കസ്റ്റഡിയില്‍നിന്ന് അദ്ദേഹം രണ്ടാമത്തെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളില്‍ എത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായും എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആശങ്കയുണ്ട്. താന്‍ ജയിലിലായതിനാല്‍ ദല്‍ഹിയിലെ ജനങ്ങള്‍ കഷ്ടപ്പെടരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു.
ഇ.ഡി. കസ്റ്റഡിയില്‍ തുടരവേ ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച കെജരിവാള്‍ 
നിര്‍ദേശം നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ഉത്തരവ് എങ്ങനെ നല്‍കിയെന്നതില്‍ ഇ.ഡി. അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു നിര്‍ദേശം കെജരിവാള്‍ 
ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്.
എന്നാല്‍ കെജരിവാള്‍ കസ്റ്റഡിയിലിരിക്കുന്ന മുറിയല്‍ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. കെജരിവാളിനെ  ഇ.ഡി. കസ്റ്റഡിയില്‍ വിടുമ്പോള്‍ പങ്കാളി സുനിത കെജരിവാളിനും  പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനും ദിവസേന വൈകുന്നേരം 6 നും 7നും ഇടയില്‍ അരമണിക്കൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ കെജരിവാളിന്റെ വക്കീലിനും അരമണിക്കൂര്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ സന്ദര്‍ശന സമയത്താണോ കത്തില്‍ ഒപ്പിട്ടു നല്‍കിയതെന്നും ഇ.ഡി അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിനിടെ  അറസ്റ്റില്‍ ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധിക്കാനെത്തിയ ചില നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest News