Sorry, you need to enable JavaScript to visit this website.

ഭീകരനെ മോചിപ്പിക്കാന്‍ കെജ്‌രിവാളിന് കോടികള്‍ നല്‍കിയെന്ന് ഖലിസ്ഥാനി നേതാവ്

ന്യൂദല്‍ഹി - ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും കുടുക്കി ഖലിസ്ഥാന്‍ അനുകൂല നേതാവിന്റെ വെളിപ്പെടുത്തല്‍. മദ്യനയ അഴിമതിക്കേസില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാളിനെതിരെ കേന്ദ്രസര്‍ക്കാരിന് കുരുക്ക് മുറുക്കാന്‍ ഇത് സഹായിക്കും. കേന്ദ്രം ശക്തമായി എതിര്‍ക്കുന്ന ഖലിസ്ഥാനി നേതാവാണ് ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായി രംഗത്തുവന്നിരിക്കുന്നതെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ജിജ്ഞാസ ഉണര്‍ത്തി.
ആംആദ്മി പാര്‍ട്ടിക്ക് 2014 മുതല്‍ 2022 വരെ 133.54 കോടി രൂപ നല്‍കിയെന്നാണ്ണ് ഖലിസ്ഥാന്‍ അനുകൂല സംഘടനാനേതാവ് ഗുര്‍പട്വന്ത് സിങ് പന്നു അവകാശപ്പെടുന്നത്. ഖലിസ്ഥാന്‍ വിമോചന സേനാ ഭീകരന്‍ ജയിലില്‍ കഴിയുന്ന ദേവേന്ദര്‍ പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാന്‍ 2014ലാണ് എഎപിയുടെ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായി ധാരണയായതെന്നും ഇതിനുള്ള പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചു. ഇത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരുന്ന എ.എ.പി, ഖലിസ്ഥാന്‍ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു പറയുന്നു.

2014ല്‍ ന്യൂയോര്‍ക്കില്‍ ഖലിസ്ഥാന്‍ അനുകൂലികളുമായി നടന്ന കൂടിക്കാഴ്ചയിലാണു ഭുള്ളറെ മോചിപ്പിക്കാമെന്ന വാഗ്ദാനം കെജ്രിവാള്‍ നടത്തിയതെന്നാണു വിശദീകരണം. ലുധിയാനയില്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനായിരുന്ന ഭുള്ളര്‍, ചണ്ഡിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് എസ്.എസ്.സൈനിയെ വധിക്കാന്‍ 1991 ഓഗസ്റ്റ് 29നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീന്ദര്‍ സിങ് ബിട്ടയെ വധിക്കാന്‍ ദല്‍ഹിയില്‍ 1993 സെപ്റ്റംബര്‍ 10നും നടത്തിയ ബോംബ് സ്ഫോടനങ്ങളില്‍ പങ്കുവഹിച്ചെന്നായിരുന്നു കണ്ടെത്തല്‍. നേരത്തെ വധശിക്ഷക്കു വിധിക്കപ്പെട്ടിരുന്ന ഭുള്ളറുടെ ശിക്ഷ 2014 ല്‍ സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Tags

Latest News