തിരുവനന്തപുരം-കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ.ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് താന്‍ വിധേയയായതെന്ന് സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചു.താന്‍ ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്മെന്റിന്റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ നിരവധി അവസരം നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ സത്യഭാമ പറയുന്നു.ആരുടെയും പേരെടുത്ത് താന്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നുമായിരുന്നു ഇവരുടെ ആദ്യ പ്രതികരണം. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ അവര്‍ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും വിവാദം ഉണ്ടായപ്പോള്‍ പ്രതികരിച്ചിരുന്നു.എന്നെ അതിക്രൂരമായി ആക്ഷേപിച്ചവര്‍ ഒരുനിമിഷം സ്വന്തം മനസാക്ഷിയോട് ചോദിക്കണം...'നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ' എന്ന്. അറുപത്തിയാറ് വയസ്സുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്ന് കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതൊന്നുമെന്നായിരുന്നു കുറിപ്പ്.