Sorry, you need to enable JavaScript to visit this website.

ഐ.എസില്‍ ചേരാന്‍ പുറപ്പെട്ട  ഐഐടി വിദ്യാര്‍ഥി കസ്റ്റഡിയില്‍ 

ഗുവാഹതി- ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ പോവുകയാണെന്ന കുറിപ്പ് പങ്കുവെച്ചശേഷം കാണാതായ ഐ.ഐ.ടി. വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹാട്ടി ഐ.ഐ.ടി.യിലെ നാലാംവര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥിയായ ഡല്‍ഹി സ്വദേശിയെയാണ് അസമിലെ ഹാജോയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് സംഘം ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമമായ ലിങ്ക്ഡ് ഇന്നില്‍ ഐ.എസ്. അനുകൂല കുറിപ്പ് വിദ്യാര്‍ഥി പങ്കുവെച്ചത്. താന്‍ ഐ.എസില്‍ ചേരാന്‍ പോവുകയാണെന്നും വിദ്യാര്‍ഥി കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു. സമാനസ്വഭാവമുള്ള ഇ-മെയില്‍ സന്ദേശം പോലീസിനും അയച്ചു. ഇത് ലഭിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
വിദ്യാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഐ.ഐ.ടി. അധികൃതരെ പോലീസ് ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഉച്ചമുതല്‍ വിദ്യാര്‍ഥിയെ കാംപസില്‍നിന്ന് കാണാതായെന്നായിരുന്നു അധികൃതരുടെ മറുപടി. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. ഇതോടെ വിദ്യാര്‍ഥിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ വ്യാപമാക്കുകയും ഗുവാഹതിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹാജോയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
യാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ വിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍ മുറിയിലും പോലീസ് പരിശോധന നടത്തി. ഇവിടെനിന്ന് ഐ.എസ്. പതാകയ്ക്ക് സമാനമായ കറുത്തനിറത്തിലുള്ള പതാകയും ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഐ.എസിന്റെ ഇന്ത്യയിലെ തലവനെന്ന് അറിയപ്പെടുന്ന ഹാരിസ് ഫാറൂഖിയെയും കൂട്ടാളികളെയും കഴിഞ്ഞ ബുധനാഴ്ച അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇയാളെ അസമിലെ ദുബ്രിയില്‍നിന്നാണ് പോലീസ് സംഘം പിടികൂടിയത്. ബംഗ്ലാദേശില്‍ ഒളിവില്‍കഴിഞ്ഞ് ഇന്ത്യയിലെ ഐ.എസ്. പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് ഫാറൂഖി ആണെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്‍.ഐ.എ തിരയുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ടായിരുന്നു.

Latest News