Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ മുന്നണി ശക്തീകരണം: രാഹുല്‍ വയനാട്ടിലെ മത്സരം ഒഴിവാക്കുമോ? ചര്‍ച്ച സജീവം

കല്‍പറ്റ-മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇ.ഡി അറസ്റ്റുചെയ്ത പശ്ചാത്തത്തില്‍ ഇന്ത്യ മുന്നണി ശക്തീകരണം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തിലെ മത്സരം ഒഴിവാക്കുമോ? വിഷയത്തില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍. രാഹുല്‍ഗാന്ധി സിറ്റിംഗ് സീറ്റില്‍ വീണ്ടും മത്സരിക്കുന്നതിനുള്ള സാധ്യതയ്ക്കു മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ് ഡല്‍ഹിയിലെ പുത്തന്‍ സംഭവ വികാസങ്ങളെന്ന് അഭിപ്രായപ്പെടുന്നവര്‍ യു.ഡി.എഫ് ക്യാമ്പിലടക്കം നിരവധി.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എ.ഐ.സി.സി പ്രഖ്യാപിച്ചതാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചാരണരംഗത്ത് സജീവവുമാണ്. എങ്കിലും വയനാട്ടിലെ മത്സരം അവസാന നിമിഷം രാഹുല്‍ഗാന്ധി ഒഴിവാക്കുമെന്ന സംശയം ബി.ജെ.പി നേതൃത്വത്തിനുമുണ്ട്.
സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജയാണ് വയനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസും സി.പി.ഐയും. ഇന്ത്യ മുന്നണിയുടെ നാഥനായാണ് രാഹുല്‍ഗാന്ധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുവെ കാണുന്നത്. എന്നിരിക്കെ വയനാട്ടില്‍ ഒരേ മുന്നണിയില്‍പ്പെട്ടവര്‍ മത്സരിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി കേരളത്തിനു പുറത്ത് ഒരു മണ്ഡലം മത്സരത്തിനു തെരഞ്ഞെടുക്കാന്‍  രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദം ഉണ്ട്. സി.പി.ഐയ്ക്കു പുറമേ ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കള്‍ക്കും രാഹുല്‍ഗാന്ധി ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തണമെന്ന അഭിപ്രായമാണ്. ഇതിനിടെയാണ് ഇന്ത്യ മുന്നണിയിലെ പ്രമുഖരില്‍ ഒരാളായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്.
മദ്യനയ വിഷയത്തില്‍ ഇ.ഡി ആരോപിക്കുന്നതുപോലെ കേജരിവാള്‍ കോഴ വാങ്ങിയെങ്കില്‍ത്തന്നെ അറസ്റ്റ് അനവസരത്തിലാണെന്ന വികാരം രാജ്യവ്യാപകമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തതിനു പിന്നില്‍ ബി.ജെ.പിയുടെ  സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്ന ചിന്ത ജനങ്ങളില്‍ പൊതുവെ ശക്തമാണ്.
പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു എന്നു ഉറപ്പുവരുത്താനാണെങ്കില്‍ കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധിക്കു മുന്നില്‍ പല വഴികളുണ്ടെന്നു കരുതുന്നവരാണ് ഇന്ത്യ മുന്നണിയിലെ പല കക്ഷികളും. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒരേ മുന്നണിയിലാണ്. അവിടെ ബി.ജെ.പി മത്സരിക്കുന്ന സീറ്റുകളുണ്ട്. തെലങ്കാനയില്‍ മത്സരിക്കണമെന്നു കോണ്‍ഗ്രസ് പാര്‍ട്ടിയും മുഖ്യമന്ത്രിയും രാഹുല്‍ഗാന്ധിയോട് അഭ്യര്‍ഥിച്ചതാണ്. രാഹുലിനു മത്സരിക്കാനും ജയിക്കാനും കര്‍ണാടകയിലും മണ്ഡലങ്ങളുണ്ട്.
രാഹുല്‍ഗാന്ധിയുടെ സിറ്റിംഗ് സീറ്റില്‍ സി.പി.ഐ എന്തിനു മത്സരിക്കുന്നുവെന്ന ചോദ്യത്തിന് പര്യടന കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫും സ്ഥാനാര്‍ഥി ആനി രാജയും  മറുപടി നല്‍കുന്നുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഒരാളുടേതായി ഒരു പാര്‍ലമെന്റ് മണ്ഡലവും ഇല്ലെന്ന് അഭിപ്രായമാണ് ആനി രാജയ്ക്ക്.  മണ്ഡലം ജനങ്ങളുടേതാണ്. ജനങ്ങളെയാണ് ഒരാള്‍ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യുന്നത്. ഒരു പ്രത്യേക കാലത്തേക്കാണ് ഒരാളെ ജനം തെരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ മറ്റൊരു അവസരമാണ്. നിലവിലുള്ളയാള്‍ മത്സരിക്കുന്നുവെങ്കില്‍ അയാളെ തെരഞ്ഞെടുക്കണോ പുതിയ ആളെ വിജയിപ്പിക്കണോ എന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. എന്നിരിക്കെ സിറ്റിംഗ് സീറ്റെന്നു പറയുന്നതുതന്നെ ജനാധിപത്യ വിരുദ്ധമാണ്. എല്ലാ സംസ്ഥാനങ്ങളിലും നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ്  ഇന്ത്യ സഖ്യം പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് കേരളത്തില്‍ നീക്കുപോക്ക് നടത്തേണ്ട ഉത്തരവാദിത്തം എ.ഐ.സി.സി നിറവേറ്റിയില്ലെന്നും ആനി രാജ വിശദീകരിക്കുന്നു.
ഇന്ത്യ മുന്നണിയില്‍പ്പെട്ടവര്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്നത് കേരളത്തിനുപുറത്ത് പ്രചാരണായുധമാക്കാന്‍ ബി.ജെ.പിക്കു അവസരം നല്‍കാതിരിക്കുന്നതില്‍ എ.ഐ.സി.സി നേതൃത്വം ജാഗ്രത പുലര്‍ത്തണമെന്ന അഭിപ്രായവും ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ക്കുണ്ട്.
ഇന്ത്യ മുന്നണിയെ കൈപിടിച്ചു നടത്തേണ്ട ചുമതലയുള്ള രാഹുല്‍ഗാന്ധി വയനാട്ടിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ സ്ഥാനാര്‍ഥിയാകുന്നതിനുപകരം രാജ്യം മുഴുവന്‍ സഞ്ചരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണ്. ഇന്ത്യ മുന്നണിക്കു തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയാകാനിടയുള്ള രാഹുല്‍ഗാന്ധി പിന്നീട് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മതിയാകുമെന്നു ചൂണ്ടിക്കാട്ടുന്നവരും നിരവധിയാണ്.

Latest News