Sorry, you need to enable JavaScript to visit this website.

ഇഡി അകത്താക്കുമെന്ന് പ്രചരിപ്പിക്കുന്നവരോട്  സഹതാപം മാത്രം-തോമസ് ഐസക്

പത്തനംതിട്ട- തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ എന്ന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. സമര്‍പ്പിച്ച ഒരുവാദങ്ങളെയും ഖണ്ഡിക്കാന്‍ ഇഡിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. പിന്നയല്ലേ അറസ്റ്റ്. തന്നെ ഇഡി ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്നാണ് യുഡിഎഫുകാര്‍ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ ഗതിയായിരിക്കുമത്രേ തനിക്കും. നല്ല കഥയായി. എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടില്‍ കയറ്റും എന്നൊക്കെ എത്രകാലമായി കേള്‍ക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമന്‍സുകള്‍ പലത് അയച്ചു. ഞാന്‍ കോടതിയെ സമീപിച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, തന്നെ ചോദ്യം ചെയ്യുന്നത് എന്തിന് എന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു ചോദിച്ചിട്ടു പോലും ഇഡിയ്ക്ക് മറുപടിയില്ലെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

എന്നെ ഇഡി ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്നാണ് യുഡിഎഫുകാര്‍ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്. അരവിന്ദ് കെജ്റിവാളിന്റെ ഗതിയായിരിക്കുമത്രേ എനിക്കും. നല്ല കഥയായി.
എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടില്‍ കയറ്റും എന്നൊക്കെ എത്രകാലമായി കേള്‍ക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമന്‍സുകള്‍ പലത് അയച്ചു. ഞാന്‍ കോടതിയെ സമീപിച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, എന്നെ ചോദ്യം ചെയ്യുന്നത് എന്തിന് എന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു ചോദിച്ചിട്ടു പോലും ഇഡിയ്ക്ക് മറുപടിയില്ല.
ഏറ്റവും ഒടുവിലോ. ഇഡിയ്ക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് എനിക്കു തീരുമാനിക്കാം എന്നാണ് കോടതി വിധി. ഞാനൊന്നും തീരുമാനിച്ചിട്ടില്ല. വരട്ടെ. നമുക്കു നോക്കാം.
ഞാന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നൊന്നുമില്ല. ആരില്‍ നിന്നും ഓടിയൊളിക്കാനും ശ്രമിക്കുന്നില്ല. ഇവിടെത്തന്നെയുണ്ട്. നട്ടെല്ലു നിവര്‍ത്തി, ശിരസുയര്‍ത്തിത്തന്നെയാണ് നില്‍ക്കുന്നത്.
എന്താണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം? ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യമാണ്. ഒരഴിമതിയും കാണിച്ചിട്ടില്ല. അതുകൊണ്ട് ആരെ പേടിക്കണം? എന്തിനു പേടിക്കണം?
എന്നുവെച്ച് ഇഡിയെ കാണിച്ച് വിരട്ടാനൊന്നും നോക്കണ്ട. പൌരന്‍ എന്ന നിലയില്‍ എനിക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കാനാണ് കോടതിയെ സമീപിച്ചത്. എന്റെ വാദങ്ങള്‍ക്കും നിലപാടിനും നിയമത്തിന്റെ പിന്‍ബലമുണ്ട് എന്ന് കോടതിയ്ക്കു ബോധ്യമായതുകൊണ്ടാണ് ഇഡിയുടെ ആവശ്യത്തിന് കോടതിയുടെ അംഗീകാരം കിട്ടാത്തത്.
നാള്‍വഴിയൊന്ന് ലളിതമായി പരിശോധിച്ചാലോ? കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണ്. എന്തെല്ലാം അഭ്യാസങ്ങള്‍ കാണിച്ചു. ആദായനികുതി വകുപ്പിന്റെ റെയിഡ് സര്‍ക്കസായിരുന്നു ആദ്യം.
കിഫ്ബിയുടെ കരാറുകാരില്‍ നിന്ന് സ്രോതസില്‍ നികുതി പിടിച്ചില്ല എന്നായിരുന്നു കരാറുകാരെ നിയോഗിച്ചത് അതത് എസ്.പി.വികളാണ്. എസ്.പി.വികള്‍ക്കു കിഫ്ബി പണം കൈമാറിയപ്പോള്‍ ആദായനികുതി തുക കൃത്യമായി ബില്ലില്‍ കാണിച്ചിരുന്നു. ഇതെല്ലാം ഓണ്‍ലൈന്‍ വിനിമയങ്ങളാണ്. അതില്‍ എന്തെങ്കിലും പാളിച്ച ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന പാസ് വേര്‍ഡ് വാങ്ങി ആദായ നികുതി ഓഫീസില്‍ ഇരുന്നു ചെയ്യാവുന്നതേയുള്ളൂ. ആ മാര്‍ഗം വേണ്ടെന്നു വെച്ചാണ് സംസ്ഥാന മേധാവിയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം ഒരു ദിവസം മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെ മുഴുവന്‍ ആനയിച്ചുവരുത്തി കിഫ്ബി ഓഫീസ് പരിശോധിച്ചത്.
എന്നിട്ടോ? ഒരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞാണ് കുരുക്കു മുറുക്കാന്‍ ഇഡി ഇറങ്ങിയത്. ഉദ്യോഗസ്ഥരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുക, ഒരേ രേഖകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരില്‍ സംശയ നിഴല്‍ നിരന്തരം നിലനിര്‍ത്തുക തുടങ്ങിയവയായിരുന്നു പരാക്രമങ്ങള്‍.
എനിക്കും കിട്ടി ഇഡിയുടെ സമണ്‍സ്. മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയുടെ ഭാഗമായി കിഫ്ബി വൈസ് ചേയര്‍മാനായിരുന്ന ഞാന്‍ സകലമാന കണക്കും രേഖകളും കൊണ്ടു ചെല്ലാനായിരുന്നു ഉത്തരവ്. പിന്നീട് അത് മാറ്റി മറ്റൊന്ന് തന്നു. കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടര്‍ ആയ കമ്പനികളുടെ കണക്കുകളും മറ്റും കൊണ്ടു ചെല്ലണമെന്നായിരുന്നു അടുത്ത ഇണ്ടാസ്. അതോടെയാണ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
കോടതി സമന്‍സ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു. എന്റെയും കിഫ്ബിയുടെയും വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടു. മാസങ്ങള്‍ വേണ്ടി വന്നു അവര്‍ക്ക് അതു കൊടുക്കാന്‍. എത്രയോ തവണ കേസ് മാറ്റിവെച്ചു. ഒടുക്കം കോടതി കടുപ്പിച്ചപ്പോള്‍ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളില്‍ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്മെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. അതിന്റെ ഇഡിയ്ക്കും നേരത്തെ കൊടുത്തിട്ടുണ്ട്.
മസാല ബോണ്ട് പണം ആര്‍ക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൌണ്ടില്‍ നിന്നും ആരുടെ ബാങ്ക് അക്കൌണ്ടിലേക്കു നല്കി, ഇതെല്ലാമുള്ള നിശ്ചിത ഫോറത്തിലുള്ള, ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കും വിധം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റ് ആണ് കൊടുക്കുന്നത്. ഒരു തര്‍ക്കവും ആരും പറഞ്ഞിട്ടില്ല. ഇനി ഇതു തന്നെ ഇഡിയ്ക്കും കൊടുത്തല്ലോ? അവര്‍ എന്തെങ്കിലും കണ്ടു പിടിച്ചോ? ഇല്ല. വീണ്ടും അതു കോടതിയിലും സമര്‍പ്പിച്ചു. ഈ ഘട്ടത്തില്‍ കോടതി ആര്‍ബിഐ യെ സ്വമേധയാ കക്ഷി ചേര്‍ത്തു. വിശദമായ സത്യവാങ്മൂലം കൊടുക്കാന്‍ അവരോടും ആവശ്യപ്പെട്ടു. ആ സത്യവാങ്മൂലം ഇഡിയുടെ വാദമുഖങ്ങള്‍ക്കേറ്റ കനത്തപ്രഹരമായി
നിയമവിരുദ്ധമായ ഒരുകാര്യവും ചൂണ്ടിക്കാണിക്കാന്‍ ആര്‍ബിഐയ്ക്കും കഴിഞ്ഞില്ല. ചട്ടപ്രകാരം തന്നെയാണ് കിഫ്ബി മസാല ബോണ്ടിന് അപേക്ഷിച്ചത്. ആര്‍ബിഐ ചട്ട പ്രകാരം എന്‍ഓസിയും നല്‍കിയിരുന്നു. അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോണ്‍ രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
നിശ്ചിത ഫോമില്‍ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ കൃത്യമായി നല്‍കുന്നുണ്ട് എന്നും ആര്‍ബിഐ വ്യക്തമാക്കി. അതോടെ, കോടതി ഒരു സുപ്രധാന കാര്യം ഋഉയോടു ചോദിച്ചു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച് നിങ്ങള്‍ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? പലവട്ടം കോടതി ചോദിച്ചിട്ടും ഇഡിയ്ക്ക് മിണ്ടാട്ടമില്ല. അത് പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്.
ഈ കേസില്‍ ഇഡിയുടെ പയറ്റ് ഇതുവരെ ഫലിച്ചിട്ടില്ല. ആരും ഇഡിയ്ക്കു മുന്നില്‍ തല ചൊറിഞ്ഞു നില്‍ക്കാനും പോകുന്നില്ല.
ഈ കേസില്‍ എന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സമര്‍പ്പിച്ച ഒരുവാദങ്ങളെയും ഖണ്ഡിക്കാന്‍ ഇഡിയ്ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. പിന്നയല്ലേ അറസ്റ്റ്.ഈ നുണപ്രചരണമൊന്നും പത്തനംതിട്ടയെ ബാധിക്കില്ല. അതു നമുക്കു കാണാം

Latest News