മക്ക- മദീനയിലും മക്കയിലും ചിലയിടങ്ങളിൽ തരക്കേടില്ലാത്ത രീതിയിൽ ഇന്നലെ മഴ അനുഭവപ്പെട്ടു. മക്കയുടെ വടക്കൻ പ്രദേശങ്ങളായ തൻഈം, ബുഹൈറാത്ത്, അൽഉംറ, മക്ക-മദീന എക്‌സ്പ്രസ് വേ എന്നിവിടങ്ങളിൽ മഴ കനത്തു പെയ്തു. ശാറ അൽ ഹജിന്റെ ഏതാനും ഭാഗങ്ങളിലും സമീപ പ്രദേശങ്ങളായ അൽശുഹദാ ഡിസ്ട്രിക്ട്, അൽനുസ്ഹ ഡിസ്ട്രിക്ട് എന്നിവിടങ്ങളിൽ നേരിയ രീതിയിലാണ് മഴ പെയ്തത്. അന്തരീക്ഷം മേഘാവൃതമായതിനാൽ മഴ പെയ്യാനുള്ള സാധ്യത ഏറെയാണ്. മക്കയിൽ പ്രളയമുണ്ടാകാൻ തക്കവിധം ആലിപ്പഴ വർഷത്തോടെ കനത്ത മഴയും കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മദീനയുടെ വിവിധ ഭാഗങ്ങളിൽ നേരിയതും ചിലയിടങ്ങളിൽ തരക്കേടില്ലാത്ത വിധവും ഇന്നലെ മഴ അനുഭവപ്പെട്ടു.