Sorry, you need to enable JavaScript to visit this website.

'പേടിച്ച സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കുന്നു'; കെജ്‌രിവാളിന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധി 

ന്യൂഡൽഹി - ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്ത്. 
 പേടിച്ച സ്വേച്ഛാധിപതി ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കെജ്‌രിവാളിനെതിരായ ഇ.ഡി നടപടി ഭരണഘടനാവിരുദ്ധമെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വിമർശിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. 
 ബി.ജെ.പിയുടേത് തോൽവി ഭയന്നുള്ള നീക്കമാണെന്ന് യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ് വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ ഈ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളും കുറ്റപ്പെടുത്തി. അറസ്റ്റിനെ സി.പി.എമ്മും ശക്തമായി അപലപിച്ചു. അറസ്റ്റിൽ രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യം ഒരു നിർണായക പൊതുതെരഞ്ഞെടുപ്പ് പോർമുഖത്തുനിൽക്കവേ, തങ്ങൾക്കു വഴങ്ങാത്തവരെയെല്ലാം ഇ.ഡി നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്ന ഭരണകൂട ഭീകരതയാണ് അരങ്ങുവാഴുന്നതെന്ന വിമർശം സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമാണ്. 
 20221-ലെ മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന്റെ അറസ്റ്റ് തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.
 

Latest News