ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക്  10 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ 

കാസർകോട്- ഒമ്പതു വയസ്സുകാരിയെ വീടിനടുത്തുള്ള ഷെഡിൽ കൊണ്ടുപോയി പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയെ 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കരിന്തളം ഓമശ്ശേരിയിലെ സദാശിവയെ (45)യാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാർ ശിക്ഷിച്ചത്. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതു വയസുകാരിയെ വീടിനടുത്തുള്ള ഷെഡിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2015 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ സംഖ്യ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിൽ വ്യക്തമാക്കി. നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നീലേശ്വരം സി.ഐ ആയിരുന്ന കെ.ഇ പ്രേമചന്ദ്രനാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
 

Latest News