Sorry, you need to enable JavaScript to visit this website.

നാലുകെട്ടാൻ മാത്രം മതിയോ ശരീഅത്ത്; കുറ്റകൃത്യങ്ങൾക്കും ശരീഅത്ത് ബാധകമാക്കണ്ടേ? -അമിത് ഷാ

ന്യൂഡൽഹി - ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന മുസ്‌ലിംകൾക്കു നേരെ രൂക്ഷ വിമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവാഹത്തിനും വിവാഹമോചനത്തിനും മാത്രം ശരീഅത്ത് പരിഗണിക്കുന്നവർ കുറ്റകൃത്യത്തിനുള്ള ശിക്ഷയിൽ ശരീഅത്തിന് വേണ്ടി ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഖുർആനും ഹദീസുമെല്ലാം ഇഷ്ടാനുസരണം തോന്നുംപോലെ ഉപയോഗിക്കാനുള്ളതാണോ എന്നും ചോദിച്ച അമിത് ഷാ, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു. ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
 രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യു.സി.സി 1950 മുതൽ ഞങ്ങളുടെ വിഷയമാണ്. പാർട്ടി ജനസംഘത്തിന്റെ രൂപത്തിലായിരുന്ന കാലം മുതൽ ഈ വിഷയം നിലനിൽക്കുന്നുണ്ട്. ഇതിൽ നിന്ന് മാറാൻ പാർട്ടിക്കും സർക്കാറിനും കഴിയില്ല. 
 1937 മുതൽ രാജ്യത്തെ മുസ്‌ലിംകൾ ശരീഅത്ത് അനുസരിച്ചല്ല ജീവിക്കുന്നത്. 1937ൽ ബ്രിട്ടീഷുകാർ മുസ്‌ലിം വ്യക്തിനിയമം ഉണ്ടാക്കിയപ്പോൾ അതിൽ നിന്ന് ക്രിമിനൽ ഘടകങ്ങൾ നീക്കി. അല്ലെങ്കിൽ മോഷ്ടിക്കുന്നവന്റെ കൈകൾ വെട്ടിമാറ്റുക, ബലാത്സംഗം ചെയ്യുന്നവനെ റോഡിൽ കല്ലെറിഞ്ഞ് കൊല്ലുക. ഒരു മുസ്‌ലിമും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനോ വായ്പ എടുക്കാനോ പാടില്ല. ശരീഅത്തും ഹദീസും അനുസരിച്ചു ജീവിക്കണമെങ്കിൽ പൂർണമായി അങ്ങനെ ജീവിക്കണം. എന്തുകൊണ്ടാണിതെല്ലാം മുസ്‌ലിംകൾ നിരാകരിച്ചത്?
 ഇന്നും, ഒരു സിവിൽ കേസ് വരുമ്പോൾ, മുസ്‌ലിംകൾ കോടതിയിൽ പോകുന്നുണ്ട്. എന്തുകൊണ്ടാണ് നാല് വിവാഹം കഴിക്കാൻ മാത്രം ശരീഅത്ത് നിയമം വേണമെന്ന് പറയുന്നത്. കള്ളന്റെ കൈ വെട്ടണം, ബലാത്സംഗം ചെയ്തയാളെ കല്ലെറിഞ്ഞു കൊല്ലണം, രാജ്യദ്രോഹം ചെയ്യുന്നയാളെ കവലയിൽ തൂക്കിക്കൊല്ലണം എന്നാണോ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതെന്നും അമിത് ഷാ പരിഹസിച്ചു. 
 ഇന്ത്യയിലെ മുസ്‌ലിംകൾ ബ്രിട്ടീഷുകാരുടെ കാലം മുതൽ ശരീഅത്ത്, ഹദീസ് എന്നിവയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു. പല മുസ്‌ലിം രാജ്യങ്ങളും അത് ഉപേക്ഷിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇതിൽ നിന്ന് പുറത്തുവരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Latest News