Sorry, you need to enable JavaScript to visit this website.

അപൂർവങ്ങളിൽ അപൂർവം: കാസർകോട് നഗരസഭയിൽ ഭരണപക്ഷം ഇറങ്ങിപ്പോയി

കാസർകോട് -  അണങ്കൂർ പച്ചക്കാട്ടെ നഗരസഭ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രത്തിലേക്ക് തുടർച്ചയായി തുക നീക്കിവെക്കുന്നു എന്നാരോപിച്ച് ഭരണപക്ഷ കൗൺസിലർമാർ തന്നെ രംഗത്തുവന്നത് മുസ്ലിം ലീഗിന് തിരിച്ചടിയായി. നേരത്തെ ഇതേ സാംസ്‌കാരിക കേന്ദ്രത്തിൽ നഗരസഭയുടെ ആരോഗ്യ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചപ്പോഴും  പ്രതിഷേധം ഉയർന്നിരുന്നു. ആരോഗ്യ കേന്ദ്രം മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ കൗൺസിലർമാരോട് പോലും ആലോചിക്കാതെ ആരോഗ്യ കേന്ദ്രം സാംസ്‌കാരിക കേന്ദ്രത്തിൽ തന്നെ തുടങ്ങുകയായിരുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ഇപ്പോൾ ഇതേ സാംസ്‌കാരിക കേന്ദ്രത്തിലേക്ക് തുക നീക്കിവെച്ചതാണ് ഭരണപക്ഷ കൗൺസിലർമാരെ ചൊടിപ്പിച്ചത്. ചിലരുടെ താത്പര്യ പ്രകാരമാണ് ഒരേ കേന്ദ്രത്തിലേക്ക് തന്നെ തുടർച്ചയായി തുക നീക്കിവെക്കുന്നതെന്നാണ് ആക്ഷേപം. ലൈബ്രറി കെട്ടിടം സ്ഥാപിക്കാനാണ് തുക നീക്കിവെച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഭരണപക്ഷത്തെ നാല്  കൗൺസിലർമാർ യോഗത്തിൽ അറിയിച്ചു. എന്നാൽ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെയാണ് ഭരണപക്ഷത്തിലെ ഒരു വിഭാഗം  വോടെടുപ്പ് ആവശ്യപ്പെട്ടത്.

ഭരണപക്ഷ അംഗങ്ങളുടെ ആവശ്യം ന്യായമാണെന്നും വോടെടുപ്പ് വേണമെന്നും ബി.ജെ.പി ഉൾപെടെയുള്ള പ്രതിപക്ഷ അംഗങ്ങളും ആവശ്യം ഉന്നയിച്ചു. തുടർന്ന് വലിയ ബഹളമാണ് കൗൺസിൽ യോഗത്തിൽ അരങ്ങേറിയത്. അധ്യക്ഷത വഹിക്കുന്ന ചെയർമാന്റെ ഡയസിനടുത്തേക്ക് ബി.ജെ.പി കൗൺസിലർ പി രമേശിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നീങ്ങിയതോടെ ബഹളം ശക്തമായി.

ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടയിലാണ് ചെയർമാൻ അബ്ബാസ് ബീഗം യോഗം പിരിച്ചുവിടാതെ തന്നെ ഇറങ്ങിപ്പോയത്. ഭരണ പക്ഷത്തെ മറ്റ് കൗൺസിലർമാരും പിന്നാലെ ഇറങ്ങിപ്പോയത് അനിശ്ചിതാവസ്ഥയ്ക്ക് കാരണമായി. അതേസമയം കൗൺസിൽ യോഗം പാതിവഴിക്ക് നിർത്തിവെച്ച് പോയതല്ലെന്നും അജൻഡ മുഴുവൻ പാസാക്കിയ ശേഷമാണ് യോഗ നടപടി അവസാനിപ്പിച്ച് പോയതെന്നും ഭരണപക്ഷ അംഗങ്ങൾ വ്യക്തമാക്കി.

Latest News