ന്യൂദല്‍ഹി- ഗുജറാത്തില്‍ ദരിദ്ര കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഭൂമി അവര്‍ക്കു നല്‍കാതെ സര്‍ക്കാരിന് വ്യാവസായിക, വികസന ആവശ്യങ്ങള്‍ക്ക് നിയമ തടസങ്ങളില്ലാതെ ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂപരിധി നിയമം ഭേദഗതി ചെയ്തു. നേരത്തെ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ ഭേദഗതി രണ്ടു വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തു കിടക്കുകയായിരുന്നു. ഇതിപ്പോള്‍ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഈ നിയമഭേഗദതി അംഗീകരിച്ച് ഒപ്പിട്ടത്. ഭൂപരിധി നിയമം നടപ്പിലായതോടെ 1960കളില്‍ സര്‍ക്കാരിനെ തിരിച്ചേല്‍പ്പിച്ച അധിക കൃഷിഭൂമി ദരിദ്ര കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യേണ്ടതാണ്. ഈ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുമായിരുന്നില്ല. ഈ വകുപ്പ് എടുത്തു മാറ്റിയ ഭൂവിനിയോഗം രീതി ഭേദഗതി ചെയ്താണ് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കല്‍ നിയമപരമാക്കിമാറ്റിയതെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള മിച്ച ഭൂമിയില്‍ പലതും കൃഷിയോഗ്യമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഈ ഭുമി സ്‌കൂളുകള്‍ നിര്‍മ്മിക്കാനടക്കമുള്ള പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ ഭൂമിയുടെ അവകാശികളായ പാവപ്പെട്ടവര്‍ക്ക് ഇതു വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ വൈകിപ്പിച്ചാണ് ഭേദഗതി കൊണ്ടു വന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ പ്രത്യേക വ്യസായ മേഖകളും ഹൈവേകളും നിര്‍മ്മിക്കാന്‍ ഈ ഭൂമി സര്‍ക്കാരിന് ഇനി അനായാസം എടുത്തുപയോഗിക്കാം. ഭൂപരിധി നിയമപ്രകാരം പാവപ്പെട്ടവര്‍ക്കു നല്‍കേണ്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നിയമം ഭേദഗതി ചെയ്തത് വലിയ തെറ്റാണെന്ന് ഗുജറാത്തിലെ കര്‍ഷകരുടെ അവകാശ പോരാട്ട രംഗത്തുള്ള ഗുജറാത്ത് ഖേദുത് സമാജ് പ്രവര്‍ത്തകന്‍ ജയേഷ് പട്ടേല്‍ പറയുന്നു. ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിക്കുന്ന ഭൂപരിധി നിയമം 1962ലാണ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയത്. ഇതു പ്രകാരം സര്‍ക്കാരിലേക്കു മുതല്‍കൂട്ടിയ മിച്ച ഭൂമി ദരിദ്രര്‍ക്ക് കൃഷിക്കായി പുനര്‍വിതരണം നടത്തണമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ നിതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 60 ലക്ഷം കര്‍ഷകര്‍ക്കായി 50 ലക്ഷം ഏക്കര്‍ ഭൂമി മാത്രമെ വിതരണം ചെയ്തിട്ടുള്ളൂ. ഈ ഭൂമി വിതരണം കടലാസില്‍ മാത്രം പലപ്പോഴും ഒതുങ്ങി നില്‍ക്കുന്നതു കാരണം അവകാശപ്പെട്ടവര്‍ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിലും വളരെ ഏറെ കാലതാമസം ഉണ്ടാകുന്നതായും പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍പ്പെട്ട ഈ ഭൂമി ദളിത് ദമ്പതികള്‍ക്ക് കൈമാറുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ ഈ വര്‍ഷാദ്യം ആത്മഹത്യ ചെയ്തത് ഗുജറാത്തിലുടനീളം വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരുന്നു. നിരവധി അവകാശികളാണ് ഈ ഭുമി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. ഇതിനിടെയാണ് ഈ ഭുമി വിനിയോഗാവകാശം മാറ്റി സര്‍ക്കാരിന്റെ നിയമഭേദഗതിയും അതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിരിക്കുന്നത്.