Sorry, you need to enable JavaScript to visit this website.

അൻവറിന്റെ പാർക്കിലെ നിർമാണങ്ങൾ  നിർത്തിവെക്കാൻ നിർദേശം

കോഴിക്കോട്- കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിന് സമീപം നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ ഉടനടി നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. ജില്ലാ കലക്ടർ യു.വി ജോസിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിലാണ് യോഗം ചേർന്നത്. പാർക്കിന്റെ പ്രവർത്തനം നിർത്തിവെക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കനത്ത മഴയിൽ ഉരുൾപ്പൊട്ടൽ ഉണ്ടായതിനെത്തുടർന്ന് തഹസിൽദാർ സ്ഥലം സന്ദർശിച്ചു കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൂടാതെ കളക്ടർ നേരിട്ടും ഇന്നലെ പാർക്കിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ കാണാനെത്തി.
മണ്ണിടിച്ചിലും, ഉരുൾപ്പൊട്ടലുമുണ്ടായ സ്ഥലത്ത് ഒരു തരത്തിലും നിർമ്മാണ പ്രവർത്തികൾ പാടില്ലയെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം നിലവിലുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് പാർക്കിനെക്കുറിച്ചു പഠിച്ച് വിദഗ്ദ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് ജില്ലാദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചിരുന്നു. പഠനം വേഗത്തിൽ നടത്താൻ ആവശ്യപ്പെടും. അതുവരെ പാർക്കിന്റെ പ്രവർത്തനം പാടില്ല. ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അനുവദനീയമല്ല. പാർക്കിന്റെ പരിസരത്ത് ജലസംഭരണം പാടില്ലയെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ  വിദഗ്ദ പരിശോധന റിപ്പോർട്ട് ലഭിക്കുന്നതു വരെ പാർക്കിന്റെ പ്രവർത്തനം നിർത്തിവെച്ചത് തുടരാനും യോഗം നിർദ്ദേശിച്ചു. 
ജില്ലയിൽ അനുമതിയുള്ള ക്വാറികളുടെ പ്രവർത്തനം ജില്ലാ വികസന സമിതി തീരുമാനപ്രകാരം തുടരും. പരാതികളുള്ള മേഖലകളിൽ ക്വാറികളുടെ പരിശോധന നടത്തുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി. ജലസംഭരണിയിൽ സംഭരിച്ചിരിക്കുന്ന വെളളം പൂർണ്ണമായും തുറന്നുവിടണം. പുതിയ ക്വാറികൾക്കുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കില്ലെന്നും കലക്ടർ അറിയിച്ചു. 
യോഗത്തിൽ സബ് കലക്ടർ വി. വിഘ്‌നേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. റംല, റീജണൽ ടൗൺ പ്ലാനർ അബ്ദുൾ മാലിക്, അസി. കലക്ടർ കെ.എസ്. അഞ്ജു, ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർ രജിഷ്, പ്രിൻസിപ്പിൽ കൃഷി ഓഫീസർ ലീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ, അസി.പോലീസ് കമ്മീഷണർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
 

Latest News