ലണ്ടന്‍-തായ്‌ലന്റില്‍ നിന്നും യുകെയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാശ്രമം. ഈവ എയറിന്റെ ബാങ്കോക്കില്‍ നിന്നും ലണ്ടനിലേക്കുള്ള ബി ആര്‍67 വിമാനം ലണ്ടനില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പായിരുന്നു ശുചിമുറിയില്‍ യാത്രക്കാരന്റെ ശരീരമാസകലം മുറിവുകളുമായി അവശനിലയില്‍ കണ്ടെത്തിയത്. വിമാനം ലണ്ടനില്‍ ഇറക്കുന്നതിനു മുന്നോടിയായി സീറ്റു ബെല്‍റ്റ് ധരിക്കുന്ന കാര്യം പറയാനായി ശുചിമുറിയില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് ആ നടുക്കുന്ന കാഴ്ച കാണുന്നത്.
ശരീരത്തില്‍ നിറയെ മുറിവുകളുമായി ഒരു യാത്രക്കാരന്‍ അതിനകത്ത് ബോധരഹിതനായി കിടക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരനായിരുന്ന ഒരു ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് അയാള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. വിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതിദാരുണമായ സംഭവം നടന്നതായി ഈവ എയര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഈ യാത്രക്കാരന്റെ മുറിവുകള്‍ എത്രമാത്രം ഗുരുതരമാണെന്നോ അയാള്‍ എവിടേക്ക് പോവുകയായിരുന്നു എന്നോ വെളിപ്പെടുത്തിയില്ല. ഏയര്‍ ട്രാഫിക് ട്രാക്കിംഗ് സൈറ്റ് കാണിക്കുന്നത് നിര്‍ദ്ദിഷ്ട സമയത്തിനും 17 മിനിറ്റ് മുന്‍പായി വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു എന്നാണ്.