Sorry, you need to enable JavaScript to visit this website.

സനാഇയ്യയിലെ ഇഫ്താര്‍; സേവനനിരതരായി മലയാളി വളണ്ടിയര്‍മാര്‍

ജിദ്ദ-നോമ്പ് തുറപ്പിച്ചവര്‍ക്കും നോമ്പ് നോറ്റവരുടെ പ്രതിഫലം കിട്ടുമെന്ന പ്രവാചക വചനത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഒരു സംഘം മലയാളികളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു.
ജിദ്ദയില്‍ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലി സ്ഥലത്തുനിന്ന് താമസകേന്ദ്രങ്ങളിലേക്ക് പോകാതെ വൈകുന്നേരം സനാഇയ്യയില്‍ എത്തിച്ചേരുന്നു. ഇവിടെയാണ് ജിദ്ദ തനിമയും സനാഇയ്യ ജാലിയാത്തും ചേര്‍ന്ന് എല്ലാ ദിവസവും രണ്ടായിരത്തോളം പേര്‍ക്ക് നോമ്പ് തുറ ഒരുക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരും ഭാഷക്കാരുമായ തൊഴിലാളികള്‍ക്ക് ആശ്രയമാണ് ഈ സമൂഹ ഇഫ്താര്‍.
തനിമയുടെ നൂറ്റമ്പതോളം വളണ്ടിയര്‍മാരാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യവസ്ഥാപിതമായി നോമ്പ് തുറക്കാനുള്ള സൗകര്യമൊരുക്കുന്നത്. റമദാനുമുമ്പ് തന്നെ തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും നാല് ഗ്രൂപ്പുകളിലായാണ് വളണ്ടിയര്‍മാര്‍ ഓരോ ദിവസവും ഇവിടെ എത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുന്ന സഫറുല്ല മുല്ലോളിയും സി.എച്ച്.ബശീറും നിസാര്‍ ബേപ്പൂരും  പറഞ്ഞു.
സനാഇയ്യ മസ്ജിദിന് അഭിമുഖമായള്ള മൈതാനത്താണ് നിരനിരയായി ഇരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യം. ജിദ്ദയിലെ പല മസ്ജിദുകള്‍ കേന്ദ്രീകരിച്ചും നോമ്പ് തുറക്കാന്‍ സൗകര്യമുണ്ടെങ്കിലും ഏറ്റവും ആവശ്യമായ സ്ഥലമെന്ന് മനസ്സിലാക്കിയാണ് സനാഇയ്യ ജാലിയാത്തുമായി സഹകരിച്ച് ഇവിടെ വളണ്ടിയര്‍ സേവനം ലഭ്യമാക്കുന്നതെന്ന് തനിമ വെസ്റ്റേണ്‍ പ്രവിശ്യ പ്രസിഡന്റ് ഫസല്‍ കൊച്ചി പറഞ്ഞു. ഓരോ ദിവസവും എത്തിച്ചേരേണ്ട വളണ്ടിയര്‍മാരുടെ ഷെഡ്യൂള്‍ നേരത്തെ തന്നെ തയാറാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തനിമ ഹജ് കാലത്ത് നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളിലെ പരിചയവും പരിശീലനവും ഏതൊരു സംരംഭവും വിജയിപ്പിക്കാന്‍ സഹായകമാകുന്നു. ജോലി കഴിഞ്ഞാണ് എല്ലാവരും എത്തുന്നതെങ്കിലും കാര്‍പറ്റ് വിരിക്കുന്നതുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ഷീണമറിയാതെ നിറവേറ്റുന്നു.
മലയാളി വളണ്ടിയര്‍മാരുടെ എണ്ണയിട്ട യന്ത്രം പോലുള്ള പ്രവര്‍ത്തനങ്ങളെ ജാലിയാത്ത് അധികൃതര്‍ ശ്ലാഘിച്ചു. ജാലിയാത്തില്‍ മലയാളികള്‍ക്കും തമിഴര്‍ക്കുമായി നോമ്പിന്റെ ചൈതന്യം ഉള്‍ക്കൊള്ളാനുള്ള ക്ലാസുകളും എല്ലാ ദിവസവും നടക്കുന്നു.
താമസ സ്ഥലത്തുപോയി നോമ്പ് തുറക്കുന്നതിനേക്കാളും സനാഇയ്യയിലെത്തി ഈ സേവനത്തില്‍ ഏര്‍പ്പെട്ടതിനുശേഷം നോമ്പ് തറക്കുന്നതാണ് വലിയ അനുഭൂതി നല്‍കുന്നതെന്ന് വളണ്ടിയര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും എല്ലാ ദിവസവും നോമ്പുതുറ ഒരുക്കാന്‍ തനിമ ജാലിയാത്തുമായി സഹകരിച്ചിരുന്നു.
ജാലിയാത്ത് വിഭാഗം മേധാവി അബ്ദുല്‍ അസീസ് ഇദ് രീസ് ,ഭരണകാര്യ മേധാവി  മുസ്ലിഹ് അവാജി ,ദഅ് വാ വിഭാഗം മേധാവി  മുഹമ്മദ് അല്‍അവാം എന്നിവരും തനിമ വെസ്‌റ്റേണ്‍ പ്രവിശ്യാ ഭാരവാഹികളും മേല്‍നോട്ടം വഹിക്കുന്നു.

Latest News