കലാമണ്ഡലം ഗോപിയെ അഭിവാദ്യം ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം- പത്മഭൂഷന്‍ ബഹുമതി വേണമെങ്കില്‍ തൃശൂരിലെ ബി. ജെ. പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ വീട്ടില്‍ സ്വീകരിക്കണം എന്ന സംഘപരിവാര്‍ ഭീഷണിയെ തള്ളിക്കളഞ്ഞ കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപിയെ അഭിവാദ്യം ചെയ്യുന്നതായി പുരോഗമന കലാസാഹിത്യസംഘം അഭിവാദ്യം ചെയ്തു. 

ലോകത്തിലെ മുഴുവന്‍ കലാപ്രവര്‍ത്തകരുടേയും ആത്മാഭിമാനത്തെയാണ് ആശാന്‍ സംരക്ഷിച്ചതെന്നും അതിലൂടെ എല്ലാവിധ ബഹുമതികള്‍ക്കും അതീതനായി കലാകേരളത്തിന്റെ അഭിമാനവും പര്യായവുമായി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ പറഞ്ഞു. 

പ്രതിപക്ഷ നേതാക്കളേയും മാധ്യമ മേധാവികളേയും ഇ. ഡി. പോലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടി വരുതിയിലാക്കാനാണ് കേന്ദ്രത്തിലെ ബി. ജെ. പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കലാകാരന്മാരെ വിരട്ടാന്‍ പദവികളും സ്ഥാനങ്ങളും പുരസ്‌കാരങ്ങളുമാണ് ആയുധം എന്നവര്‍ കരുതുന്നു. യഥാര്‍ഥ കലാകാരന്‍ പുരസ്‌കാരങ്ങളില്‍ മോഹിതനായി അധികാരത്തിന്റെ പിറകെ നടക്കുന്നവനല്ല എന്ന സത്യം ബി. ജെ. പി.ക്കാര്‍ മനസ്സിലാക്കണം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അധികാരകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ അപമാനകരമായിട്ടാണ് അവര്‍ കരുതുന്നത്.

മതത്തെ രാഷ്ട്രീയായുധമാക്കി രാജ്യത്തെ വിഭജിക്കാനും സംഘര്‍ഷ ഭൂമിയാക്കാനുമുള്ള സംഘപരിവാര്‍ ശ്രമങ്ങളെ എഴുത്തുകാരും കലാകാരന്മാരും ശക്തമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. ത്യാഗനിര്‍ഭരമായ ആ സാംസ്‌കാരിക ദൗത്യത്തിന് ഗോപിയാശാന്റെ സമീപനം കരുത്തു പകരുമെന്നും പുരോഗമന കലാ സാഹിത്യ സംഘം പറഞ്ഞു.

Latest News