Sorry, you need to enable JavaScript to visit this website.

തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടന്‍ ടൊവിനോ തോമസ്

തൃശൂര്‍- തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടന്‍ ടൊവിനോ തോമസ്. താന്‍ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ് വി ഇ ഇ പി) അംബാസഡര്‍ ആണെന്ന് ടൊവിനോ തോമസ് വ്യക്തമാക്കി.

ആരെങ്കിലും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് ടൊവിനോ പറഞ്ഞു. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്‌സഭാ സ്ഥാനാര്‍ഥികള്‍ക്കും ആശംസകളെന്നും ടൊവിനോ കുറിച്ചു.

നേരത്തെ എല്‍. ഡി. എഫ് സ്ഥാനാര്‍ഥി വി. എസ്. സുനില്‍ കുമാര്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍ കുമാറിന്റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദം വിശദീകരിച്ചായിരുന്നു കുറിപ്പ്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനില്‍ കുമാര്‍ കുറിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം വന്നത്.

Latest News