ബംഗളൂരു- ബി.ജെ.പിക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കര്‍ണാടകയുടേത്. അധികാരം ആസ്വദിക്കുന്നവരും അതിന്റെ ലഹരി നുണയുന്നവരുമാണ് ഇവിടുത്തെ മിക്ക ബി.ജെ.പി നേതാക്കളും. ഈ ശീലം തന്നെയാണ് ഇവരെ തമ്മിലടിപ്പിക്കുന്നതും ബി.ജെ.പിയെ അധികാര നഷ്ടത്തിലേക്ക് നയിക്കുന്നതും. കര്‍ണാടക ബി.ജെ.പിയിലെ അതികായരായ മൂന്ന് നേതാക്കളാണ് ബി.എസ്.യെദ്യൂരപ്പ, ജഗദീഷ് ഷെട്ടര്‍, കെ.എസ്.ഈശ്വരപ്പ എന്നിവര്‍. ആദ്യത്തെ രണ്ട് നേതാക്കളും പാര്‍ട്ടി വിട്ടുപോയി ആകാവുന്നത്ര നഷ്ടമുണ്ടാക്കിയ ശേഷം ബി.ജെ.പിയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ഇക്കുറി ഊഴം മൂന്നാമനായ ഈശ്വരപ്പയുടേതാണ്. ശക്തമായ വിമത ഭീഷണിയുയര്‍ത്തുന്ന ഈശ്വരപ്പയുടെ നീക്കങ്ങള്‍ കര്‍ണാടകയിലെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമോ എന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം ഭയക്കുന്നത്.
ഹാവേരി ലോക്‌സഭാ സീറ്റില്‍ മകന്‍ കെ.ഇ. കാന്തേഷിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതാണ് പാര്‍ട്ടിയുടെ മുതിര്‍ന്നനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയെ ചൊടിപ്പിച്ചത്. യെദ്യൂരപ്പയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്രയും ചേര്‍ന്ന് തന്നെ ഒതുക്കുകയാണ് എന്ന ആരോപണമാണ് ഈശ്വരപ്പ ഉയര്‍ത്തുന്നത്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയാണ് ശിവമോഗയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി. ഹാവേരി സീറ്റ് തന്റെ മകന് നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശിവമോഗയില്‍ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കര്‍ണാടക ബി.ജെ.പിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഈശ്വരപ്പയുടെ നീക്കങ്ങള്‍ക്കും പിന്നില്‍. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍. മറ്റൊരു മകന്‍ രാഘവേന്ദ്രക്ക് ശിവമോഗയില്‍ വീണ്ടും ടിക്കറ്റ് നല്‍കുകയും ചെയ്തു. ഇത് ഈശ്വരപ്പയെ മാത്രമല്ല സംസ്ഥാനത്തെ പല മുതിര്‍ന്ന ബി.ജെ.പി നേതാക്കളെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ കലാപക്കൊടിയുയര്‍ത്തിയത് ഈശ്വരപ്പ മാത്രവും. ഈ മുതിര്‍ന്ന നേതാവിന്റെ നീക്കങ്ങളെ ഉള്ളുകൊണ്ട് പല നേതാക്കളും പിന്തുണക്കുന്നതാണ് പാര്‍ട്ടി നേതൃത്വത്തെ അലട്ടുന്നത്.