സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

ന്യൂദല്‍ഹി - തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. 'നോ യുവര്‍ കാന്‍ഡിഡേറ്റ്' എന്ന പേരില്‍ കെ.വൈ.സി ആപ്പാണ് ഇതിനായി പുറത്തിറക്കിയത്. വോട്ടര്‍മാര്‍ക്ക് അവരുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പാശ്ചാത്തലം, സ്വത്ത്, ബാധ്യതകള്‍, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തുടങ്ങിയവ ആപ്പിലൂടെ അറിയാന്‍ കഴിയും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ആപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ആപ് ലഭ്യമാണ്. വിവരങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര്, സംസ്ഥാനം, മണ്ഡലം എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ അവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. സ്ഥാനാര്‍ഥിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കേസ് ഏത് തരത്തിലുള്ളതാണെന്നും കേസിന്റെ നിലവിലെ സ്ഥിതിയെന്താണെന്നും അറിയാന്‍ കഴിയും. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന പാര്‍ട്ടികളും തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിക്കേണ്ടതുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കൂടുതല്‍ ഉറപ്പാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോകസഭ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെട്ടെണ്ണല്‍.

 

Tags

Latest News