രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുള്ളത് പത്രത്തിലെ  പടത്തില്‍ മാത്രം-ഇ.പി ജയരാജന്‍

കണ്ണൂര്‍-രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇ.പി. ആയുര്‍വേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോര്‍ട്ട് കരാര്‍ ഉണ്ടാക്കിയത്. നിരാമയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കമ്പനിയാണോ എന്നറിയില്ല. നിരാമയ കമ്പനിയുമായുള്ള കരാറില്‍ തനിക്ക് ബന്ധമില്ലെന്നും താന്‍ വൈദേകം റിസോര്‍ട്ടില്‍ അഡൈ്വസര്‍ മാത്രമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
'രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുള്ളത് പത്രത്തിലെ പടത്തില്‍ മാത്രം. ആ രാജീവുമായി എന്തിനാ എന്നെ ബന്ധിപ്പിക്കുന്നത്? ബന്ധം തെളിയിച്ചാല്‍ വി.ഡി സതീശന് എല്ലാം എഴുതി തരാം' ഇ.പി ജയരാജന്‍ പറഞ്ഞു.
അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന പരാമര്‍ശത്തിലും ഇ.പി നിലപാട് വ്യക്തമാക്കി. ജാഗ്രത വേണമെന്ന സന്ദേശമാണ് താന്‍ നല്‍കിയതെന്നും ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എപ്പോള്‍ വേണമെങ്കിലും പോകുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.പത്മജയെയും ദീപ്തിയെയും സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്നും ഇ.പി വ്യക്തമാക്കി.

Latest News