Sorry, you need to enable JavaScript to visit this website.

കേന്ദ്ര വനം- വന്യജീവി സംരക്ഷണ നിയമം മനുഷ്യരെ കാണുന്നില്ല: മുഖ്യമന്ത്രി

സുല്‍ത്താത്താന്‍ ബത്തേരി- കേന്ദ്ര വനം- വന്യജീവി സംരക്ഷണ നിയമം വന്യജീവികളെ മാത്രമാണ് കാണുന്നതെന്നും മനുഷ്യരെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വയനാട് നേരിടുന്ന വലിയ പ്രശ്നമാണ് വന്യമൃഗശല്യം. ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിനു അധികാരമുണ്ടെന്നാണ് കേന്ദ്രത്തിലുള്ളവര്‍ പറയുന്നത്. കടുവയും ആനയുമൊക്കെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയാല്‍ എന്തുചെയ്യണമെന്നതിനു മാര്‍ഗനിര്‍ദേശമുണ്ട്. 

മൃഗത്തെ വെടിവച്ചുകൊല്ലാന്‍ ഉത്തരവാകുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ഉണ്ടെങ്കിലും പ്രയോഗം എളുപ്പമല്ല.  ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന വന്യമൃഗത്തെ ആദ്യം കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടിവച്ച് പിടിക്കണം. ഇതു ഫലം ചെയ്യുന്നില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ വെടിവെക്കാന്‍ ഉത്തരവിടാന്‍ പറ്റൂ.

കോണ്‍ഗ്രസ് കൊണ്ടുവന്ന വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ബി. ജെ. പി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിയമം ഭേദഗതി ചെയ്യണമെന്ന് വയനാട് പാര്‍ലമെന്റ് അംഗം ആവശ്യപ്പെടുന്നില്ല. വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനം സമര്‍പ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രം നിരാകരിക്കുകയാണ് ചെയ്തത്. കാട്ടിലുള്ള വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. 

മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനു സാധ്യമായതെല്ലാം സംസ്ഥാനം ചെയ്യുന്നുണ്ട്. കാട്ടില്‍ വന്യജീവികള്‍ക്കു തീറ്റയും വെള്ളവും ഒരുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. കേരളത്തിനുവേണ്ടി യു. ഡി. എഫ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News