പൗരത്വ നിയമ ഭേദഗതി: ബി. ജെ. പിക്കും കോണ്‍ഗ്രസിനും മുഖ്യമന്ത്രിയുടെ നിശിത വിമര്‍ശനം

സുല്‍ത്താന്‍ ബത്തേരി- പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിശിത വിമര്‍ശനം. എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ബി. ജെ. പിയെയും കോണ്‍ഗ്രസിനെയും ആഞ്ഞടിച്ചു.

പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസിന് നിലപാടില്ല. ഇതേക്കുറിച്ച് വയനാട് എം. പിപോലും അരയക്ഷരം മിണ്ടുന്നില്ല. രാജ്യത്തെ  ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍  കേന്ദ്ര സര്‍ക്കാരിനെ പിന്താങ്ങുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പൗരത്വ നിയമഭേദഗതി, ജമ്മു- കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യല്‍, യു. എ. പി. എ തുടങ്ങിയ വിഷയങ്ങളില്‍ ബി. ജെ. പിക്കൊപ്പം കൈ ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു വോട്ട് ചെയ്തവര്‍ പശ്ചാത്താപത്തിലാണ്.  

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം രംഗത്തുവന്നത് കേരളമാണ്. ബി. ജെ. പി ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണഘടനയെ പിച്ചിച്ചീന്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെ അന്തരീക്ഷമാണ് കേന്ദ്ര ഭരണം കൈയാളുന്നവര്‍ രാജ്യത്ത് സൃഷ്ടിക്കുന്നത്. തോന്നിയത് ചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് ബി. ജെ. പി നേതൃത്വത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള കോണ്‍ഗ്രസ്- എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി ആനി രാജ,  എല്‍. ഡി. എഫ് നേതാക്കളായ സി. കെ. ശശീന്ദ്രന്‍, പി. ഗഗാറിന്‍, കെ. സി. റോസക്കുട്ടി, കെ. കെ. ഹംസ, പി. എം. ജോയി, പി. ആര്‍. ജയപ്രകാശ്, വി. വി. ബേബി, സി. എം. സുധീഷ്, ടി. വി. ബാലന്‍, ബെന്നി കുറമ്പാലക്കാട്ട്, കെ. എസ്. സ്‌കറിയ, സി. എന്‍. ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News