തിരുവനന്തപുരം- മഹാപ്രളയം നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്നതാണെന്ന് മന്ത്രി എം.എം.മണി. ഇതില്‍ കുറേപേര്‍ മരിക്കും. കുറേപേര്‍ ജീവിക്കും. എന്നാലും ജീവിതയാത്ര തുടരുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡാം മാനേജ്‌മെന്റില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിശദീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വൈദ്യുത മന്ത്രിയുടെ ദാര്‍ശനിക മറുപടി.
സംസ്ഥാനത്തെ പ്രളയം പ്രകൃതിയുടെ സൃഷ്ടിയാണ്. നൂറ്റാണ്ടു കൂടുമ്പോള്‍ വരാവുന്നതാണ്. ഇനിയും ഉടനെ ഉണ്ടായേക്കില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞാവും രൂക്ഷമായി വരുക. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും മന്ത്രി പറഞ്ഞു.
കൈയേറ്റമാണോ ഇടുക്കിയിലെ ദുരന്ത കാരണമെന്ന ചോദ്യത്തിന് പരിഹാസമായിരുന്നു മന്ത്രിയുടെ മറുപടി. ഗ്രഹണസമയത്ത് ഞാഞ്ഞൂലിനു പോലും വിഷം ഉണ്ടാകുമെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി അണക്കെട്ട് തുറക്കില്ലെന്നു പറഞ്ഞത് ആവേശത്തോടെ നിന്ന മാധ്യമങ്ങളെ കളിയാക്കാനാണെന്നും മന്ത്രി പറഞ്ഞു.