പുണ്യമാസത്തെ പരിപൂര്‍ണമായി ഉള്‍ക്കൊള്ളുക ഡോ. ശൈഖ് ബന്ദര്‍ അല്‍ ബലീല

ഡോ. ശൈഖ് ബന്ദര്‍ അല്‍ ബലീല.

മക്ക: മനുഷ്യ മനസുകളിലെ സദ്ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനും ചീത്ത ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് വിമലീകരിക്കുന്നതിനുമാണ് പരിശുദ്ദ റമദാന്‍ നിയമമാക്കിയിരിക്കുന്നതെന്ന് മക്ക ഹറം ഇമാം ഡോ. ശൈഖ് ബന്ദര്‍ അല്‍ ബലീല പ്രസ്താവിച്ചു. മസ്ജിദ് അല്‍ ഹറമില്‍ വെള്ളിയാഴ്ച പ്രഭാഷണം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു ശൈഖ് ബന്ദര്‍ അല്‍ ബലീല. പരിശുദ്ധ റമദാന്‍ പുണ്യമാസമാകുന്നത് അതില്‍ പ്രത്യേകമായി നിശ്കര്‍ഷിച്ചിരിക്കുന്ന വ്രതത്തോടൊപ്പം ദാനദര്‍മങ്ങളുള്‍പടെയുള്ള മറ്റു പുണ്യകര്‍മ്മങ്ങള്‍ കൂടി ചെയ്യുമ്പോഴാണ്. റമദാനില്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും സ്വര്‍ഗത്തിന്റെ വാതിലുകളെല്ലാം തുറക്കപ്പെടുകയും ചെയ്യുന്നുണ്ട്. ദൈവ പ്രീതി കാംക്ഷിച്ച് റമദാന്‍ വ്രതമെടുക്കുന്നവരുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു നല്‍കുന്നുവെന്ന് മുഹമ്മദ് നബി സന്തോഷ വാര്‍ത്തയറിയിച്ചിട്ടുണ്ട്.  വ്രതമനുഷ്ടിച്ച് വിശുദ്ദി നേടുക്കുന്നവര്‍ക്കു മാത്രമായി സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന പേരില്‍ പ്രത്യേകം കവാടം തന്നെയുണ്ട്. വ്രതം രഹസ്യമായി മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു ആരാധനയായതിനാല്‍ വ്രതത്തിലൂടെ പരിശിലിക്കുന്ന സദ്ഗുണങ്ങളില്‍ ഏറ്റവും വലുത് നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയുമാണ്.  വ്രതമനുഷ്ടിക്കുന്നതു വഴി ശരീരത്തിന്റെയും മനസിന്റെയും ആഗ്രഹങ്ങളെയും മോഹങ്ങളെയും ദൈവ പ്രീതിക്കു മുന്നില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിനു സാധിക്കുന്ന വിശ്വാസികള്‍ പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതു പോലെ സൂക്ഷ്മാലുക്കളായി മാറുക തന്നെ ചെയ്യും പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായിരുന്നതിനാല്‍ നബി തിരുമേനി ധാരാളമായി ഖുര്‍ആന്‍ പരായണം നടത്തിയിരുന്ന മാസം റമദാന്‍ ആയിരുന്നു. പകല്‍ വ്രതത്തോടൊപ്പം രാത്രി നമസ്‌കാരവും നിലക്കാതെ അടിച്ചു വീശുന്ന തരത്തിലുള്ള  ദാനധര്‍മങ്ങളുമായിരുന്നു നബി തിരുമേനിയുടെ റമദാന്‍.  സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളിലേക്കും നിര്‍ധനരിലേക്കും സഹായ ഹസ്തങ്ങള്‍ നീട്ടി ശരീരത്തിനും മനസിനുമൊപ്പം സമ്പത്തു കൂടി വിശുദ്ദമാക്കാന്‍ റമദാനില്‍ വിശ്വാസികള്‍ക്കു കഴിയുമെന്ന് ഡോ. ശൈഖ് ബന്ദര്‍ അല്‍ ബലീല പറഞ്ഞു. 

Tags

Latest News