പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ചികിത്സാപിഴവ് മൂലം രോഗി മരിച്ചു 

പത്തനംതിട്ട-പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമളയാണ് മരിച്ചത്. ചികിത്സാ പിഴവുമൂലമാണ് ശ്യാമള മരിച്ചതെന്ന് ഭര്‍ത്താവ് സേതുവു മകള്‍ യാമിയും ആരോപിച്ചു. സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകരായ ബന്ധുക്കള്‍ രംഗത്തുവന്നു.
ആറു ദിവസം മുമ്പാണ് ഹൃദ്രോഗം ബാധിച്ച ശ്യാമളയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്കുശേഷം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു . ഇന്നലെ രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്യാമളയെ ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഭര്‍ത്താവും മകളും ആരോപിച്ചു
എന്നാല്‍ ശ്യാമളയുടെ അടുത്ത ബന്ധുക്കള്‍ തന്നെ ഇതിന് എതിര്‍ വാദവുമായി എത്തി . കോണ്‍ഗ്രസ് അനുഭാവിയായ ശ്യാമളയുടെ ഭര്‍ത്താവ് സേതുവും മകളും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് ഒരു വിഭാഗം ബന്ധുക്കളും സിപിഐ എം പ്രവര്‍ത്തകരും ആരോപിച്ചു.ഇതിനിടെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘവും സ്ഥലത്തെത്തി . ഇതോടെ ബന്ധുക്കള്‍ തമ്മില്‍ വാഗ്വാദമായി.
വാഗ്വാദം കയ്യാങ്കളിയുടെ വക്കളം എത്തിയപ്പോള്‍ പോലീസ് ഇടപെട്ടു . ശ്യാമളയുടെ ഭര്‍ത്താവിന്റെയും മകളുടെയും മൊഴി രേഖപ്പെടുത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി . അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും ശ്യാമള ഗുരുതര ഹൃദ് രോഗ ബാധിത ആയിരുന്നു എന്നുമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം.

Latest News