പ്രധാനമന്ത്രി വെള്ളിയാഴ്ച പത്തനംതിട്ടയില്‍: ഡ്രോണ്‍ പറത്തിയാല്‍ കര്‍ശന നിയമ നടപടി

പത്തനംതിട്ട- എന്‍. ഡി. എ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 15 വെള്ളിയാഴ്ച പത്തനംതിട്ടയില്‍ എത്തും. രാവിലെ പതിനൊന്നിനാണ് പരിപാടി. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ച് ജില്ലാ പോലീസ്. പ്രധാനമന്ത്രിയുടെ സുഗമമായ സന്ദര്‍ശനത്തിനും ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി ഒഴിവാക്കുന്നതിനും ഉദ്ദേശിച്ച്  കേരള പോലീസ് ആക്ട് വകുപ്പ് 39 പ്രകാരം ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റേതാണ് ഉത്തരവ്.

ഇരു സ്റ്റേഡിയങ്ങളുടെയും മൂന്നു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം. വ്യാഴം രാവിലെ ആറു മണി മുതല്‍ വെള്ളിയാഴ്ച രാത്രി 10 വരെ ഉത്തരവ് നിലനില്‍ക്കും.

ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest News