Sorry, you need to enable JavaScript to visit this website.

പി.കെ ശശി എം.എൽ.എയുടെ അവകാശവാദം പൊളിച്ച് സി.പി.എം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം- സ്ത്രീ നൽകിയ പരാതിയിൽ പി.കെ ശശി എം.എൽ.എയുടെ വാദം പൊളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. സ്ത്രീയുടെ പരാതിയിൽ ഇതേവരെ പാർട്ടി നേതൃത്വം തന്നോട് വിശദീകരണം തേടിയിട്ടില്ല എന്നായിരുന്നു കഴിഞ്ഞദിവസം ചാനലിന് നൽകിയ വിശദീകരണത്തിൽ പി.കെ ശശി അവകാശപ്പെട്ടിരുന്നത്. സംസ്ഥാന സെക്രട്ടറിയോ സംസ്ഥാന കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ ജില്ലാ സെക്രട്ടറിയോ ഇക്കാര്യത്തിൽ തന്നോട് ഒരു തരത്തിലുള്ള വിശദീകരണവും ചോദിച്ചിട്ടില്ലെന്നും പി.കെ ശശി പറഞ്ഞിരുന്നു. എന്നാൽ, സ്ത്രീയുടെ പരാതിയിൽ ശശിയെ എ.കെ.ജി സെന്ററിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചുവെന്നും ഇക്കാര്യം അന്വേഷിക്കാൻ പി.കെ ശ്രീമതി ടീച്ചർ എന്നിവരടങ്ങിയ രണ്ടംഗ സമിതിയെ നിയോഗിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. പി.കെ ശശിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ച ശേഷമാണ് ഓഗസ്റ്റ് 31ന് അന്വേഷണ കമ്മീഷൻ രൂപകരിച്ചതെന്നും പ്രസ്താവന തുടരുന്നു. എന്നാൽ ഇക്കഴിഞ്ഞദിവസം മനോരമ ന്യൂസിൽ നൽകിയ വിശദീകരണത്തിൽ കഴിഞ്ഞദിവസം രാത്രി ചാനലിൽ മാത്രമാണ് ഇങ്ങിനെയൊരു പരാതിയുള്ള വിവരം താനറിഞ്ഞത് എന്നായിരുന്നു ശശിയുടെ പ്രസ്താവന. ഇത് സമ്പൂർണ കളവാണെന്ന് വ്യക്തമാക്കുന്നതാണ് സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. 
സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന
സി.പി.ഐ(എം) പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ശശി. എം.എൽ.എ. ക്കെതിരെ, ഒരു യുവതി സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിക്ക് നൽകിയ പരാതിയുടെ പേരിൽ, പാർടിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും, കോൺഗ്രസ്സും, ബി.ജെ.പിയും നടത്തിവരുന്ന ശ്രമങ്ങൾ അപലപനീയമാണ്.
2018 ആഗസ്റ്റ് 14നാണ്, ഒരു യുവതി, സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി മുമ്പാകെ ഒരു പരാതി നൽകിയത്. പരാതി ലഭിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടർന്ന് പരാതിയിൽ പരാമർശിച്ച പി.കെ.ശശിയെ എ.കെ.ജി.സെന്ററിൽ വിളിച്ചുവരുത്തി പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. തുടർന്ന് ആഗസ്റ്റ് 31ന് ചേർന്ന ആദ്യപാർടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ സംസ്ഥാനസെക്രട്ടറി വിശദീകരിച്ചു. യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പി.കെ.ശ്രീമതി ടീച്ചർ, എ.കെ.ബാലൻ എന്നിവരെ പരാതി അന്വേഷിക്കാൻ സെക്രട്ടേറിയറ്റ് ആഗസ്റ്റ് 31ന് തന്നെ ചുമതലപ്പെടുത്തി. തുടർന്ന് ചുമതലപ്പെട്ടവർ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടിയ ഉടനെ പാർടി ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതാണ്. 
പി.കെ.ശശിക്കെതിരായി ലഭിച്ച പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികൾ ആരംഭിച്ചതെന്നും ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മേൽപ്പറഞ്ഞ വസ്തുതകളിൽ നിന്ന് ആർക്കും മനസ്സിലാകും. പാർടി പി.ബി. ഇക്കാര്യത്തിൽ ഒരു നിർദ്ദേശവും സംസ്ഥാനകമ്മിറ്റിക്ക് നൽകിയിട്ടില്ലെന്ന് പി.ബി.തന്നെ വ്യക്തമാക്കിയതുമാണ്. എന്നിട്ടും ദിവസേന പുതിയ കഥകൾ മെനയുന്നവരുടെ താത്പര്യം മറ്റെന്തോ ആണ്.
സ്ത്രീ സുരക്ഷ ഉറപ്പാക്കുക, സ്ത്രീകളുടെനേരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ കാര്യങ്ങളിൽ എക്കാലത്തും സി.പി.ഐ(എം) ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീകളെ അപമാനിക്കുന്ന പരാതികൾ ഉയർന്നുവന്ന അപൂർവ്വം ചില സന്ദർഭങ്ങളിൽ, കർശനമായ നടപടികളാണ്, പാർടി സ്വീകരിച്ചത്. സി.പി.ഐ(എം)ന്റെ ഇത്തരം നിലപാടുകൾ ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. 
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അപമാനിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളിൽ, സംസ്ഥാനത്തെ മറ്റൊരു പാർടിയും, സി.പി.ഐ(എം) സ്വീകരിച്ചതുപോലെയുള്ള കർശനമായ നിലപാട് സ്വീകരിച്ചിട്ടില്ല. ആരോപണ വിധേയരായ നേതാക്കളെ എഴുന്നെള്ളിച്ച് ഘോഷയാത്ര നടത്തുകയും, പൂമാലയർപ്പിക്കുകയും ചെയ്ത ബൂർഷ്വാ രാഷ്ട്രീയപാർടികളുടെ പാരമ്പര്യമല്ല സി.പി.ഐ(എം) ഉയർത്തിപ്പിടിക്കുന്നത്. പി.കെ.ശശിക്കെതിരായി ഉയർന്നുവന്ന പരാതിയിലും പാർടിയുടെ ഭരണഘടനയ്ക്കും, അന്തഃസ്സിനും, സദാചാര മൂല്യങ്ങൾക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും പാർടി കൈക്കൊള്ളുക.
 

Latest News