ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം മൂന്നാറിലെത്തിയ യുവതി തൂങ്ങിമരിച്ചു

മൂന്നാര്‍- ഭര്‍ത്താവിനും കുട്ടിയുമോടൊപ്പം മൂന്നാറിലെത്തിയ കോന്നി സ്വദേശിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശിയായ ജ്യോതി (30)യാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. 

തിങ്കളാഴ്ചയാണ് ജ്യോതിയും കുടുംബവും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കുളിക്കാന്‍ ബാത്ത് റൂമില്‍ കയറിയ സമയത്ത് ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങുകയായിരുന്നു. കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ പഴയ മൂന്നാര്‍ സി. എസ്. ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം. 

ബുധനാഴ്ച രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഉച്ചയോടെ മുറിയില്‍ മടങ്ങി എത്തിയതിനു ശേഷമായിരുന്നു സംഭവം. ഭര്‍ത്താവ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പരിശോധനകള്‍ നടത്തി.

രണ്ടു വയസ്സ് പ്രായമായ മകനും മുറിയില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരുന്നു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

Latest News