Sorry, you need to enable JavaScript to visit this website.

വലിയമട വാട്ടര്‍ ഫ്രന്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കുമരകത്ത് പുതിയ കാഴ്ചകള്‍

കോട്ടയം- കുമരകത്ത് പുതിയ കാഴ്ച്ചകള്‍. കളര്‍മ്യൂസിക്ക് വാട്ടര്‍ ഫൗണ്ടന്‍, ഫ്ളോട്ടിങ്ങ് റെസ്റ്റൊറന്റ്, ഫ്‌ളോട്ടിങ്ങ് വാക്വേ, പെഡല്‍ ബോട്ടിംഗ്, റയിന്‍ ഷട്ടര്‍, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഒരുക്കി.

വലിയമട വാട്ടര്‍ ഫ്രന്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍. ചീപ്പുങ്കല്‍ ഹൗസ് ബോട്ട് ടെര്‍മിനലും നാടിനു സമര്‍പ്പിച്ചു.

4.85 കോടി രൂപയില്‍ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കര്‍ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടര്‍ ഫ്രന്റ് ടൂറിസം പദ്ധതി നടപ്പിലാക്കിയത്.

പൊതുമേഖലാ സ്ഥാപനമായ കെല്ലിനായിരുന്നു (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ്  അലൈഡ് ഇലക്ട്രിക്കല്‍ കമ്പനി) നിര്‍മാണച്ചുമതല. കുമരകം ഡെസ്റ്റിനേഷന്‍ ഡെവലപ്പ്‌മെന്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.44 കോടി രൂപ ചെലവഴിച്ചാണ് ചീപ്പുങ്കല്‍ ഹൗസ് ബോട്ട് ടെര്‍മിനല്‍ പൂര്‍ത്തികരിച്ചത്.

കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹോട്ടല്‍ ബുക്കിങ് ഉണ്ടായത് കുമരകത്ത് ആണെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തെരഞ്ഞെടുക്കപ്പെട്ട അയ്മനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂര്‍ത്തീകരിച്ച വലിയമടവാട്ടര്‍ ഫ്രന്റ് ടൂറിസം പദ്ധതിയുടെയും ചീപ്പുങ്കല്‍ ഹൗസ് ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

വലിയ മട വാട്ടര്‍ ടൂറിസം സൈറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. 

അയ്മനം- കുമരകം- പാതിരാമണല്‍ പ്രദേശങ്ങളെ സംയോജിപ്പിച്ച് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ടൂറിസം മേള ജലാശയത്തിനുള്ളില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അയ്മനത്ത് വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു,  ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. കെ ഷാജിമോന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി ബിജു, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കെ പത്മകുമാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സി. ഇ. ഒ ആന്‍ഡ് റൂറല്‍ ടൂറിസം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കെ. രൂപേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest News