മലപ്പുറത്ത് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചതിന് കാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം - മലപ്പുറത്ത്  പാണ്ടിക്കാട് പൊലീസ്  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ മൊയ്തീന്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രതിഷേധം ധര്‍ണ്ണ നടത്തിയിരുന്നു.  മൊയ്തീന്‍ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മര്‍ദ്ദനമേറ്റതിന്റെ  പാടുകള്‍ കാണുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

 

Latest News