Sorry, you need to enable JavaScript to visit this website.

കെ സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വം; നവമാധ്യമങ്ങളില്‍ പോര്

ആലപ്പുഴ- ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.ഐ.സി.സി സംഘാടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗപ്രവേശം ചെയ്തതോടെ, ്്അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റിനെച്ചൊല്ലി നവമാധ്യമങ്ങളില്‍ പോര്. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ കെ. സി വേണുഗോപാലിന് ഇനി രണ്ടുവര്‍ഷം കൂടി അവശേഷിക്കുമ്പോഴാണ് ഇവിടെ ഇന്ത്യാ മുന്നണിയില്‍പ്പെട്ട സി പി എമ്മുമായി മല്‍സരത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് ആക്ഷേപം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരേ പോരാട്ടത്തിന് ഇറങ്ങുന്ന കോണ്‍ഗ്രസ് കൈവശമുള്ള രാജ്യസഭാ സീറ്റ് അടിയറവയ്ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഇടതുപക്ഷ അനുകൂലികളായ പ്രവര്‍ത്തകര്‍ നവമാധ്യമങ്ങളിലൂടെ ആക്ഷേപമുന്നയിക്കുന്നു.

കെ സി വേണുഗോപാലിന്റെ പ്രചാരണാര്‍ഥം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളുമെല്ലാം ഇടുന്ന പോസ്റ്റിന് കമന്റായി ഇടതുപ്രവര്‍ത്തകര്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇത് വ്യാപകമായതോടെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടന മാറ്റാന്‍ ശ്രമിക്കുന്ന ബിജെപിക്ക് രണ്ടുകൊല്ലത്തേക്കെങ്കിലും ഒരു രാജ്യസഭാ എംപിയെ സമ്മാനിക്കാനാണോ വേണുഗോപാലിന്റെ ശ്രമമെന്ന് ചോദിക്കുന്നവരോട് ആലപ്പുഴയിലെ കനല്‍ത്തരിയും കെടുമെന്ന് സമ്മതിക്കുന്നുണ്ടോയെന്നാണ് സിദ്ദീഖും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദിക്കുന്നത്. രാജസ്ഥാനില്‍ സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ ആലപ്പുഴയിലെ തോല്‍വി ഇടതുമുന്നണി സമ്മതിച്ചിരിക്കുകയാണെന്ന് സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഇനി രാജസ്ഥാനില്‍ നിന്ന് നഷ്ടമാകുമെന്ന് കരുതുന്ന സീറ്റ് കര്‍ണാടകയില്‍ നിന്ന് ഞങ്ങള്‍ തിരിച്ചുപിടിച്ചുകൊള്ളാമെന്നും സിദ്ദീഖ് കുറിക്കുന്നു. നിര്‍മലാ സീതാരാമന്‍ മല്‍സരിച്ചാല്‍ കര്‍ണാടകയില്‍ രാജ്യസഭാസീറ്റില്‍ ഒഴിവ് വരുമെന്നും അവിടെ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും ന്യായവാദം ഉന്നയിക്കുന്നു. അതേസമയം ടി സിദ്ദീഖിന്റെ പോസ്റ്റിന്റെ ഏതാനും ഭാഗം മാത്രം ഉള്‍പ്പെടുത്തി എടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വൈറലായതോടെ അതിനും മറുപടിയുമായി സിദ്ദീഖ് എത്തി.

ലോകസഭയിലേക്ക് നടക്കുന്ന പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരമാവധി സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ശ്രമമെന്നും അതിനായി മികച്ച സ്ഥാനാര്‍ഥികളെ മറ്റൊന്നും നോക്കാതെ നിര്‍ത്തുമെന്നുമാണ് സിദ്ദീഖിന്റെ വാദം. എന്നാല്‍ സാധാരണ ഇടതുപ്രവര്‍ത്തകര്‍ വരെ കെ സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ ബിജെപിക്ക് രോജ്യസഭാ എംപിയെ സമ്മാനിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിക്കുകയാണ്. ഇതിനായി ഏതാനും ടി വി ചാനലുകളില്‍ ഇതുസംബന്ധിച്ചുവന്ന വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നുണ്ട്.

Latest News