വനിതാവകാശങ്ങള്‍ക്ക് സംഘടിത പോരാട്ടം തുടരണം: നവോദയ കുടുംബവേദി

റിയാദ്- നവോദയ കുടുംബവേദി സംഘടിപ്പിച്ച വനിതാദിനാചരണവും കുടുംബസംഗമവും മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശബാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും മാത്രമേ സ്ത്രീകള്‍ക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ കഴിയൂവെന്ന് അവര്‍ ഉണര്‍ത്തി. വിദ്യാസമ്പന്നയായ സ്ത്രീയിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാകൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണം നടത്തിയ മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് അനുഭവങ്ങള്‍ കരുത്തുറ്റതാക്കി കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ സ്ത്രീകള്‍ അശ്രാന്ത പരിശ്രമം നടത്തണമെന്ന് ആഹ്വാനം ചെയ്തു. യോഗത്തില്‍ മെയ് റാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അഞ്!ജു ഷാജു സ്വാഗതം പറഞ്ഞു. ആതിരാ ഗോപന്‍ മെയ് ദിന സന്ദേശം അവതരിപ്പിച്ചു. കുടുംബങ്ങളിലേക്കുപോലും കടന്നുവരുന്ന ഫാസിസ്റ്റു വര്‍ഗ്ഗീയ ആശയങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ രാഷ്ട്രീയ ശക്തിയാര്‍ജ്ജിക്കണമെന്ന് ആതിര പറഞ്ഞു. വനിതാ ദിനാചരണത്തോടനുബന്ധിച്ച് രണ്ടു വനിതാ പ്രതിഭകളെ നവോദയ ആദരിച്ചു. സൗദി ദേശീയ ബാഡ്‌മെന്റണ്‍ ചാമ്പ്യന്‍ ഖദീജ നിസ്സക്കും  കലാകാരിയും എഴുത്തുകാരിയും മിസ് കേരള മത്സരത്തില്‍ മിസ് ടാലന്റഡ് കേരള 2023 ആയി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ജോയിക്കുമുള്ള സ്‌നേഹാദരവ് വേദിയില്‍വെച്ച് കൈമാറി. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, കുമ്മിള്‍ സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 
യോഗാനന്തരം ഗോപന്‍ എസ് കൊല്ലം സംവിധാനം ചെയ്ത സവാക്ക് വെബ്‌സീരിസ് ഒന്നും രണ്ടും ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും റോക്ക് സ്റ്റാര്‍ ടീം അവതരിപ്പിച്ച ഗാനമേളയും പരിപാടി വര്‍ണ്ണാഭമാക്കി. സീന ധനീഷ്, ആഷ്‌ലിന്‍ ഫാത്തിമ ഷാജു, ഹായ്യിന്‍ ഷഹീന്‍ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി.

Tags

Latest News