Sorry, you need to enable JavaScript to visit this website.

നായബ് സിംഗ് സൈനി ഹരിയാന  മുഖ്യമന്ത്രിയാകും; ഇന്ന് സത്യപ്രതിജ്ഞ

ചണ്ഡീഗഢ്- മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. മനോഹര്‍ ലാല്‍ ഖട്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ന് രാവിലെയാണ് മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചത്. ഗവര്‍ണര്‍ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളും ബിജെപിയാണ് നേടിയത്. ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നല്‍കില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. എന്നാല്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യമാണ് ജെജെപി മുന്നോട്ടുവയ്ക്കുന്നത്.


 

Latest News