Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി

തിരുവനന്തപുരം - പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. അന്തിമ തീരുമാനം നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും എടുക്കുക. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി  കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് പലവട്ടം സര്‍ക്കാര്‍ ആവര്‍ത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ് രാഷ്ട്രീയ സംഘടനകള്‍. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പട്ട് എല്‍ ഡി എഫ് ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും.  കോണ്‍ഗ്രസ് മണ്ഡലതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.

Latest News