സി.എ.എ: വര്‍ഗീയ ധ്രുവീകരണം പാരമ്യത്തിലെത്തിക്കുക ലക്ഷ്യം

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യത്ത് സാമുദായിക ധ്രുവീകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് സി.എ.എ നടപ്പാക്കല്‍ പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍ പെട്ടെന്ന് രംഗത്തുവന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വര്‍ഗീയ ധ്രുവീകരണം മാത്രമേ ബി.ജെ.പിക്ക് വോട്ട് നേടാന്‍ സഹായകമാവൂ എന്ന തിരിച്ചറിവ് കൂടിയാണ് ഇതിലേക്ക് നയിച്ചത്.

രാമക്ഷേത്രമടക്കമുള്ള പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടുവന്നെങ്കിലും അത് പ്രതീക്ഷിച്ചത്ര വര്‍ഗീയത ഇളക്കിവിട്ടില്ല. ബാബരി പള്ളി പൊളിച്ചാണ് ക്ഷേത്രമുണ്ടാക്കിയതെങ്കിലും മുസ് ലിംകള്‍ പൊതുവേ രാമക്ഷേത്രം തുറന്നതിനോട് സംയമനത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും അത് സമാധാനപരവും ജനാധിപത്യ സ്വഭാവത്തോട് കൂടിയുള്ളതുമായിരുന്നു. രാജ്യത്തെ മതേതര സമൂഹവും ഇക്കാര്യത്തില്‍ മുസ്ലിംകള്‍ക്കൊപ്പം നിന്നു.

രാമക്ഷേത്രത്തിന് തൊട്ടുപിന്നാലെ അബുദാബിയില്‍ ഹിന്ദുക്ഷേത്രം തുറന്നു നല്‍കിയതും ബി.ജെ.പിക്ക് തിരിച്ചടിയായി. ഒരുവശത്ത് പള്ളി തകര്‍ത്ത് അമ്പലം പണിഞ്ഞിട്ടും മറുവശത്ത് ക്ഷേത്രം പണിയാന്‍ ഭൂമിയും പണവും നല്‍കിയ യു.എ.ഇ സര്‍ക്കാരിന്റെ നടപടി രാജ്യവ്യാപകമായി വാഴ്ത്തപ്പെട്ടതോടെ രാമക്ഷേത്രത്തിലൂടെ ബി.ജെ.പി ലക്ഷ്യമിട്ട വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം കണ്ടില്ല. ഇതോടെയാണ് സ്‌ഫോടനാത്മകമായ മറ്റൊരു വിഷയം എടുത്തിട്ടത്.

അധികാരത്തില്‍ തിരിച്ചെത്തുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ബി.ജെ.പിക്ക് തീര്‍ച്ചയായും പുതിയ സര്‍ക്കാര്‍ എത്തുന്നതുവരെ, ഒന്നോ രണ്ടോ മാസം കാത്തിരിക്കാമായിരുന്നു. അതിന് ശ്രമിക്കാതെ ഉടന്‍ തന്നെ സിഎഎ എടുത്തിട്ടത് വോട്ട് മാത്രം ലാക്കാക്കിയാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. രാജ്യത്ത് ഇതിനകം തന്നെ സിഎഎക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇത് അക്രമത്തിലേക്ക് നീങ്ങിയാല്‍ ബി.ജെ.പി രക്ഷപ്പെട്ടുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 400 സീറ്റിലേക്ക് നീങ്ങാന്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കേണ്ടതുണ്ട്. അതിന് ജനങ്ങളെ ഭിന്നിപ്പിക്കുകയല്ലാതെ വഴിയില്ല.

നീതിനിഷേധത്തിനെതിരെ സമൂഹം മൗനം പാലിക്കില്ലെന്ന് ഉറപ്പ്. അതിനാല്‍ തന്നെ പ്രതിഷേധം ഉയരും. അത് തന്നെയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതിലൂടെ ഹിന്ദു-മുസ്‌ലിം വൈരം ഉയര്‍ത്തിവിടാമെന്നും സംഘ് പരിവാര്‍ കരുതുന്നു.

2019-ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ തിങ്കളാഴ്ച വിജ്ഞാപനം ചെയ്തതോടെ വിവാദങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും അധ്യായം കൂടിയാണ് സര്‍ക്കാരും ബി.ജെ.പിയും തുറന്നത്.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കല്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ് നിരോധം തുടങ്ങിയവക്കു പിന്നാലെയാണ് പൗരത്വനിയമം നടപ്പാക്കാനുള്ള തീരുമാനവും. ഏകസിവില്‍ കോഡാണ് ഇനി ഈ അജന്‍ഡകളില്‍ ബാക്കിയുള്ളത്. സിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ദേശീയ തലത്തില്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും ചര്‍ച്ചയില്‍ അതും സജീവമാണ്.

2019 ല്‍ പാസാക്കിയെങ്കിലും പ്രതിഷേധമുയര്‍ന്നതോടെ പൗരത്വനിയമം നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി. അസം, ദല്‍ഹി, യു.പി എന്നിവിടങ്ങളിലാണ് കടുത്ത പ്രതിഷേധമുയര്‍ന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയത് ആ വിഭാഗത്തോടുള്ള വിവേചനമാണെന്നാണ് ആക്ഷേപം.

പൗരത്വനിയമം നടപ്പാക്കുമെന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വേദികളില്‍ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

 

Tags

Latest News