പൗരത്വ ഭേദഗതി നിയമം പാബല്യത്തിലായതോടെ രാജ്യത്ത് ആശങ്ക, പ്രതിഷേധം ശക്തം

ന്യൂദല്‍ഹി - പൗരത്വ ഭേദഗതി നിയമം 2024  കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടു വന്നതോടെ ഇത് സംബന്ധിച്ച് രാജ്യത്ത് ആശങ്കകളും അസ്വസ്ഥതകളും  ഉയരുന്നു. മുസ്‌ലീം മതവിഭാഗത്തില്‍ പെട്ടവരെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നതാണ്. ഇപ്പോള്‍ നിയമം പ്രാബല്യത്തില്‍ വരുത്തുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ഇത് സംബന്ധിച്ച ആശങ്കകളിലാണ് രാജ്യം. 

പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട്  കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തിയത്.  കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.  വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തടക്കം ഈ നിയമം മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ  എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി.

കൊവിഡ് കാരണമാണ് പൗരത്വ  ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങള്‍ വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് നിയമമെന്നും അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകും. മതപരമായതും സാമൂഹികമായതുമായ അവകാശങ്ങള്‍ നിലനിര്‍ത്തും. ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്.

നിയമം നടപ്പാകുന്നതോടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വഴി ഒരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സി എ എ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നതോടെ, 2014 ഡിസംബര്‍ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ മോഡി സര്‍ക്കാര്‍ ആരംഭിക്കും.

2019 ഡിസംബറിലാണ് ഏറെ വിവാദമായ സി എ എ പാസാക്കിയത്. ് രാജ്യത്തുടനീളം പ്രതിഷേധങ്ങളുണ്ടായതിനെ തുടര്‍ന്ന് നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍, 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  പൗരത്വ ഭേദഗതി നിയമം അപ്രതീക്ഷിതമായി കേന്ദ്രം വിജ്ഞാപനം ചെയ്തു. നിയമം നടപ്പാക്കുന്നതിനായി 2020 മുതല്‍, ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പതിവായി സമയം നീട്ടി ചോദിക്കുകയായിരുന്നു. 
2019-ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നു. മതപരമായ പീഡനം മൂലം 2014 ഡിസംബര്‍ 31-ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ വിഭാ?ഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക.

സി എ എ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്നും മുസ്‌ലീം സമൂദായത്തില്‍ പെട്ടവരെ രണ്ടാംകിട പൗരന്‍മാരാക്കി മാറ്റുന്നതിനും അവരുടെ അവകാശങ്ങള്‍ കവരുന്നതിനും വേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നതെന്നുമാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം കുറ്റപ്പെടുത്തുന്നത്.

Latest News